നവകേരള സദസ്സ്: ചൂടും മഴയും വകവെക്കാതെ; നിലമ്പൂരിൽ വൻ ജനാവലി
text_fieldsഎടക്കര: കനത്ത മഴയിലും നിലമ്പൂര്‍ മണ്ഡലം നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലി. നിലമ്പൂര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ജനം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാന്‍ വഴിക്കടവിലെ മുണ്ട മൈതാനത്ത് എത്തിയത്. മൂന്നരക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നര മണിക്കൂർ വൈകിയാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. കനത്ത ചൂട് നേരിട്ടിരുന്ന ഈ സമയത്താണ് ആശ്വാസമായെത്തിയ മഴ ശക്തിപ്രാപിച്ചത്.
മഴയിൽ നനഞ്ഞും മുദ്രാവാക്യം വിളിച്ചും ജനം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റു. ഇതിന് മുന്നോടിയായി കൃഷി മന്ത്രി പി.എസ്. പ്രസാദ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, മന്ത്രി സജി ചെറിയാന്, അരോഗ്യ മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ വേദിയിലെത്തിയിരുന്നു. ഈ സമയം ആരംഭിച്ച കനത്ത മഴ മുഖ്യമന്ത്രിയുടെ ഉദ്ഘാടനം കഴിയും വരെ തുടര്‍ന്നു. പ്രതീക്ഷിക്കാതെയെത്തിയ കനത്ത മഴയെപ്പോലും അവഗണിച്ചായിരുന്നു ജനം നവകേരള സദസ്സിനെ എതിരേറ്റത്. വേദിയുടെ മുന്‍ഭാഗം മുഴുവന്‍ വെള്ളം നിറഞ്ഞിരുന്നു. 25000 ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നെങ്കിലും സദസ്സ് നിറഞ്ഞു കവിഞ്ഞു.
എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കും -മന്ത്രി
എടക്കര: ജല്‍ജീവന്‍ പദ്ധതി യാഥാര്‍ഥ്യമാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്. എടക്കര മുണ്ടയില്‍ നടന്ന നിലമ്പൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജല്‍ജീവന്‍ മിഷന് പദ്ധതിയിലൂടെ മലപ്പുറത്ത് മാത്രം 5957 കോടിയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം 705 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
ജനാധിപത്യ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. ജനക്ഷേമം മുന്‍നിര്‍ത്തി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ആദ്യപടിയായി ഓരോ വകുപ്പ് തലത്തിലും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തി. ശേഷം താലൂക്ക് തല അദാലത്ത്, മേഖലാതല യോഗങ്ങളും നടത്തി.
ഇതിലൂടെ ജനങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണാനായത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതായി. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങളുണ്ടായി. വിദേശ വിദ്യാര്‍ഥികള്‍ കേരളത്തെ ആശ്രയിച്ചു തുടങ്ങി. ടൂറിസം രംഗത്തും നിരവധി അംഗീകാരങ്ങള്‍ കേരളം നേടിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് ഭയമെന്തിന് -മുഖ്യമന്ത്രി
അരീക്കോട്: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും വർഗീയതയിലധിഷ്ഠിതമായ കേന്ദ്രസർക്കാറിന് ഇത് അംഗീകരിക്കാനാവുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാറിന്റെ നിലപാടുകളെ എതിർക്കുന്നു എന്ന ഒറ്റക്കാരണത്താൽ സംസ്ഥാനത്തിന് അർഹമായ നികുതിവിഹിതം, ഗ്രാന്റുകൾ തുടങ്ങിയവ നൽകാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമം. ഈ കേന്ദ്രനിലപാടിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷം ഭയക്കുകയാണ്.
മത- രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും നവകേരള സദസ്സിൽ പങ്കെടുക്കുന്നത് നമ്മുടെ നാടിന്റെ മുന്നേറ്റത്തിനും ഭാവിക്കും ഇതാവശ്യമാണെന്ന നിലപാട് ജനങ്ങൾക്കുള്ളതിനാലാണ്. അതിൽ പ്രതിപക്ഷത്തിന് ഭയമെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഏറനാട് മണ്ഡലം തല നവകേരള സദസ്സിലേക്ക് ആയിരങ്ങളാണ് ഇന്നലെ ഒഴുകിയെത്തിയത്. രാവിലെ എട്ടിന് തന്നെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരാതികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു.
എല്ലാവിധ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. വ്യക്തിഗത പരാതികൾക്ക് പുറമേ പുറമെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം അനുവദിക്കുക, അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം, മൂർക്കനാട് സ്കൂൾ കടവ് നടപ്പാലം, ഏറനാട് മണ്ഡലത്തിൽ ഒരു ഗവ. കോളജ്, മുഴിക്കൽ തോടിന് കുറുകെ റെഗുലേറ്റർ ബ്രിഡ്ജ്, അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ, കരിമ്പ് ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങൾ വീടില്ലാതെ ദുരിതത്തിൽ, ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോര മേഖലയിലെ വന്യജീവി ശല്യം, അരീക്കോട് അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ബദൽ സംവിധാനം, ഹയർസെക്കൻഡറി സീറ്റ് വർധന തുടങ്ങിയ വിഷയങ്ങൾ പ്രധാന പരാതികളായെത്തി. വിവിധകലാപരിപാടികളും അരങ്ങേറി. സംഘാടക സമിതി ചെയർമാൻ യു. ഷറഫലി അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, കെ. രാജൻ, നവകേരള സദസ്സ് ഏറനാട് മണ്ഡലം നോഡൽ ഓഫിസർ ഡോ. പ്രദീപ് കുമാർ, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് എന്നിവർ സംസാരിച്ചു.
മുതിർന്ന ലീഗ് നേതാവ് പ്രഭാത സദസ്സിൽ; നടപടി വന്നേക്കും
കരുവാരകുണ്ട്: മുഖ്യമന്ത്രിയുടെ പെരിന്തൽമണ്ണയിലെ പ്രഭാത സദസ്സിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവ്. ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി, സഹകരണബാങ്ക് ഡയറക്ടർ ബോർഡ് എന്നിവയുടെ മുൻ പ്രസിഡന്റും നിലവിൽ ജില്ല കൗൺസിലറുമായ എൻ.കെ. അബ്ദുറഹ്മാനാണ് മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണത്തിനായി ശിഫ കൺവെൻഷൻ സെന്ററിലെത്തിയത്.
ദാറുന്നജാത്ത് കമ്മിറ്റി ഭാരവാഹി എന്ന നിലയിലാണ് അബ്ദുറഹ്മാനെ ക്ഷണിച്ചതെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം. എന്നാൽ സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും മുൻ എം.എൽ.എ അഡ്വ.എം. ഉമ്മർ ജനറൽ സെക്രട്ടറിയുമായ സ്ഥാപനമാണ് നജാത്ത്.
പ്രഭാത സദസ്സിൽ കരുവാരകുണ്ടിൽനിന്ന് അബ്ദുറഹ്മാൻ ഉൾപ്പെടെ അഞ്ചു പേരാണ് പങ്കെടുത്തത്. ക്ഷണം കിട്ടിയതിന് പിന്നാലെ ‘നാളത്തെ എന്റെ പ്രഭാത ഭക്ഷണം രാജാവിന്റെ കൂടെയാണ്. പ്രമുഖരുടെ ലിസ്റ്റിൽ ഞാനുമുണ്ട്'' എന്ന ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുകയും ചെയ്തിരുന്നു. മുതിർന്ന നേതാവിന്റെ നടപടി പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. അച്ചടക്ക നടപടി വരുമെന്നാണ് പഞ്ചായത്ത് നേതൃത്വം നൽകുന്ന സൂചന.
ചോലനായ്ക്കരുടെ നീറുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിയോട് ഉന്നയിച്ച് വിനോദ്
മലപ്പുറം: നവകേരള സദസ്സിന്റെ ജില്ലയിലെ അവസാനദിനമായ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരിന്തൽമണ്ണയിൽ നടന്ന പ്രഭാത സദസ്സിൽ സ്വന്തം ജനവിഭാഗങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് വിനോദ് മാഞ്ചീരി.
ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ ബിരുദധാരിയും കൊച്ചിൻ സർവകലാശാലയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർഥിയുമാണ് വിനോദ്. ഗാഢവനങ്ങളുടെ ഉൾത്തടങ്ങളിലെ പ്രകൃതിജീവിതത്തിൽനിന്ന് പുറത്തുകടന്ന്, ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് വിനോദ് യാത്ര തുടരുന്നത്.
ആദിവാസി മേഖലയിലെ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താനുള്ള നടപടികൾ, അമ്മമാരിലും കുഞ്ഞുങ്ങളിലും കാണുന്ന വിളർച്ച പ്രശ്നങ്ങൾക്ക് പരിഹാരം, ഇ-ഗ്രാന്റ് വിഷയം, പുതുക്കിയ ബദൽ സ്കൂൾ സംവിധാനം, പ്രീ മെട്രിക് സംവിധാനം തുടങ്ങിയ കാര്യങ്ങളും വിനോദ് മുഖ്യമന്ത്രിയെ അറിയിച്ചു.
നിലവിൽ ബിരുദവിദ്യാർഥികൾക്ക് നൽകിവരുന്ന ഇ-ഗ്രാന്റ് കൃത്യമായി നൽകുമെന്നും അമ്മമാരിലെയും കുഞ്ഞുങ്ങളിലെയും വിളർച്ചയും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
വേലായുധന് വേണം, വേദനയിൽനിന്ന് ആശ്വാസം; സന്ധിവേദനയിൽ ജീവിതം തള്ളിനീക്കി വയോധികൻ
എടക്കര: കുറച്ച് സംസാരിച്ചാൽ പിന്നെ വേലായുധൻ കിതച്ച് കുഴങ്ങും. പിന്നെ അൽപനേരം വിശ്രമിച്ചാലേ ഇദ്ദേഹത്തിന് തുടർന്ന് സംസാരിക്കാനാവൂ. സന്ധിവേദന അലട്ടുന്ന കരുളായി തുള്ളിശ്ശേരി വേലായുധൻ നവകേരള സദസ്സിനായി എടക്കര മുണ്ടയിലെത്തിയത് പ്രതീക്ഷയോടെയാണ്. വീൽചെയറിൽ കുടുംബാഗംത്തോടൊപ്പം എത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്നാഗ്രഹമുണ്ടായിരുന്നുവെങ്കിലും സാധിച്ചില്ല. പരിപാടിയിൽ നേരത്തെയെത്തി പരാതി സമർപ്പിച്ചു.
ജോലിയെടുത്ത് കുടുംബം പുലർത്തിയിരുന്ന വേലായുധനെ പെട്ടെന്നാണ് സന്ധിവേദന അലട്ടിതുടങ്ങിയത്. അതോടെ വരുമാന മാർഗം നിലച്ചു. തിരിഞ്ഞുകിടക്കാൻ പോലും സാധിക്കാതെയാണ് ഓരോ ദിനവും കഴിച്ചു കൂട്ടുന്നത്. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചതിനെ തുടർന്ന് സർക്കാർ വീട് അനുവദിച്ച് പ്രവൃത്തി പാതിവഴിയിലാണ്. വീട് പണി ഉടൻ പൂർത്തീകരിച്ച് അതിൽ താമസം കഴിയാൻ സാധിക്കണമെന്നാണ് പ്രാർഥനയെന്ന് വേലായുധൻ പറഞ്ഞു.
മൂന്ന് മക്കളുള്ള അദ്ദേഹത്തിന് ചികിത്സക്കായി 3500 ലധികം രൂപ മാസം ചെലവ് വരുന്നുണ്ട്. 12 വയസ്സു മുതൽ സജീവ പാർട്ടി പ്രവർത്തകനായി തുടങ്ങിയ വേലായുധൻ 63ാം വയസ്സിലും പാർട്ടിക്കൊപ്പമുണ്ട്. ജനങ്ങളുടെ കണ്ണീരൊപ്പുമെന്ന് പറയുന്ന സർക്കാർ തന്റെ രോഗാവസ്ഥയെ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും വേലായുധൻ കണ്ണീരോടെ പറഞ്ഞു.
നിലമ്പൂർ താലൂക്കിലെ 568 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ തീരുമാനം; റവന്യൂ വകുപ്പിന് കൈമാറിക്കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി
എടക്കര: നിലമ്പൂർ താലൂക്കിൽ റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ ജനുവരി 31നകം പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ നടന്ന നിലമ്പൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കൈകുത്ത്, നെല്ലിക്കുഴി, അത്തിക്കൽ ഭാഗങ്ങളിലായി 568 കുടുംബങ്ങൾക്കാണ് പട്ടയം നൽകുക. വനമേഖലയിലെ ആദിവാസി കോളനികളിലാണിവ.
ഭൂമി വേണമെന്നാവശ്യപ്പെട്ട് കോളനിവാസികൾ വർഷങ്ങാളായി സർക്കാറുകളെ സമീപിച്ചിരുന്നു. വിഷയത്തിൽ കോളനി സന്ദർശിക്കുന്ന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും നിരന്തരമായും ആവശ്യം ഉന്നയിച്ചിരുന്നു. നിലവിൽ കോളനിവാസികൾ താൽക്കാലിക ഷെഡുകളിലാണ് കഴിയുന്നത്. എന്നാൽ, ഭൂമിക്ക് പുറമെ സുരക്ഷിതമായ വീടും ഇവർക്ക് വേണമെന്ന ആവശ്യവും ശക്തമാണ്.
പെരിന്തൽമണ്ണയെ ഹെൽത്ത് ഹബ്ബാക്കി മാറ്റിക്കൂടേ -ധനമന്ത്രി
പെരിന്തൽമണ്ണ: വികസനത്തിന്റെയും വളർച്ചയുടെയും ദേശീയ സൂചികയേക്കാൾ മുമ്പേ കുതിച്ചതാണ് കേരള വികസനത്തി ന്റെ പ്രധാന മാതൃകയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പെരിന്തൽമണ്ണയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളോഹരി വരുമാനം ദേശീയ തലത്തിൽ നൂറു രൂപയാണെങ്കിൽ കേരളത്തിലത് 160 രൂപയാണ്. അങ്ങനെയാണെങ്കിലും അർഹമായ വിഹിതം നൽകാതെ കേരളത്തെ ഞെരുക്കുകയാണ് കേന്ദ്രം. നൂറു രൂപയിൽ 46 രൂപയാണ് നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ വർഷം അത് 35 രൂപയും ഇപ്പോഴത് 29 രൂപയുമാക്കി.
പെരിന്തൽമണ്ണയെ എന്തുകൊണ്ട് ഹെൽത്ത് ഹബ്ബാക്കി മാറ്റിക്കൂടെന്നും മന്ത്രി ചോദിച്ചു. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനാവുന്ന നാടാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു. മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണി രാജു എന്നിവർ സംസാരിച്ചു.
സംഘാടക സമിതി അധ്യക്ഷൻ വി. ശശികുമാർ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫിസർ കെ.വി. ആശമോൾ സ്വാഗതവും തഹസിൽദാർ പി.എം. മായ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.