പട്ടികവര്‍ഗ വികസന വകുപ്പിന്റെ അലംഭാവം; ആദിവാസി യുവാവിന്റെ മൃതദേഹം രണ്ടര മണിക്കൂര്‍ റോഡരികില്‍
text_fieldsഎടക്കര: തൂങ്ങിമരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം പട്ടികവര്‍ഗ വികസന വകുപ്പിന്റെ അലംഭാവം കാരണം റോഡരികില്‍ കിടത്തിയത് രണ്ടര മണിക്കൂര്‍. പോസ്റ്റ്മോര്‍ട്ടത്തിന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം റോഡിനോട് ചേര്‍ന്ന റബര്‍തോട്ടത്തില്‍ കിടത്തേണ്ടിവന്നത്.
ചാത്തംമുണ്ട സുല്‍ത്താന്‍പടി കോളനിയിലെ സുന്ദരനെ ശനിയാഴ്ച രാവിലെ ആറോടെയാണ് വീടിനോട് ചേര്‍ന്ന റബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍ നാട്ടുകാരും വാര്‍ഡ് അംഗമായ ബൈജു നല്ലംതണ്ണിയും സ്ഥലത്തെത്തി പോത്തുകല്ല് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി മരത്തില്‍നിന്ന് മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി.
ഇതിനിടെ വാര്‍ഡംഗം ബൈജു നല്ലംതണ്ണി നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറെ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍, ഫണ്ടില്ലെന്ന് പറഞ്ഞ് ആദിവാസി വിഷയവുമായി ബന്ധപ്പെട്ട് സ്ഥിരമായി ഓടുന്ന ആംബുലന്‍സ് ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ പഞ്ചായത്ത് അംഗത്തിന് നല്‍കുകയാണ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസർ ചെയ്തത്.
ഡ്രൈവറെ വിളിച്ചെങ്കിലും ആംബുലന്‍സ് ഓടിയ വകയില്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് പണം ലഭിക്കാനുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് 108 ആംബുലന്‍സുമായി ബന്ധപ്പെട്ടു. എന്നാല്‍, മൃതദേഹം കൊണ്ടുപോകാൻ 108 ആംബുലന്‍സ് കൊണ്ടുവരാന്‍ പറ്റില്ലെന്നാണ് ഡ്രൈവര്‍ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് പോത്തുകല്ലിലെ സാന്ത്വനം ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചത്. റോഡരികില്‍ കിടത്തിയ മൃതദേഹത്തിനരികെയിരുന്ന് സുന്ദരന്റെ ഭാര്യ ബിന്ദുവും മൂന്നു മക്കളും നിലവിളിക്കുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.