ഗോത്രവിഭാഗം കുട്ടികളുടെ സമഗ്ര വികസനത്തിന് ‘സേവാസ്’ പദ്ധതി
text_fieldsഎടക്കര: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സേവാസ് (സെല്‍ഫ് എമേര്‍ജിങ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട്) പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. പോത്തുകല്ല് ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പാര്ശ്വവല്കൃത മേഖലയിലെ പഞ്ചായത്തുകളെ ഏറ്റെടുത്ത് സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികാസം സാധ്യമാക്കലാണ് ലക്ഷ്യം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, പാര്‍ശ്വവത്കൃത വിഭാഗങ്ങളെ ആത്മവിശ്വാസം നല്കി മുന്നോട്ടു നയിക്കുക, തൊഴില്‍ നൈപുണിയില്‍ മികവ് നേടാന്‍ സഹായിക്കുക, വിവിധ പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസവും ജീവിതനൈപുണിയും നേടത്തക്കവിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നു. ഇതിനായി അഞ്ച് വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ട്രൈബല്‍ വകുപ്പ്, എക്സൈസ് വകുപ്പ്, കേരള മഹിളാസമഖ്യ സൊസൈറ്റി, വനം വകുപ്പ് തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക.
ജില്ലയില്‍ ഗോത്ര വിഭാഗം കൂടുതല്‍ അധിവസിക്കുന്ന പ്രദേശമായതിനാലാണ് പോത്തുകല്ലിനെ തെരഞ്ഞെടുത്തത്. 18 നഗറുകളിലായി 375 ഗോത്ര വിഭാഗം കുട്ടികളാണ് പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുള്ളത്.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കര്‍മസമിതി രൂപവത്കരണം, സർവേ, ഗണിത ശില്പശാല, മഞ്ഞപ്പിത്ത ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
നിലമ്പൂര്‍ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ എം. മനോജ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ കെ. റുബീന, എസ്.എസ്.കെ ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ കെ. മനോജ് കുമാര്‍, ജില്ല പ്രോഗ്രാം ഓഫിസര്‍ എം.ഡി. മനോജ്, ബി.ആര്.സി ട്രെയിനര്‍ ടി.പി. രമ്യ, വിവിധ വകുപ്പ് ജില്ല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.