മുണ്ടേരിയിലെ അടിസ്ഥാന പ്രശ്നങ്ങള്ക്ക്ആറ് മാസത്തിനകം പരിഹാരം –കലക്ടര്‍
text_fieldsഎടക്കര: 2019ലെ പ്രളയ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മുണ്ടേരിയിലെ ആദിവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ആറ് മാസത്തിനകം പരിഹരിക്കുമെന്ന് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍. ഉള്‍വനത്തിലെ വാണിയംപുഴ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കലക്ടര്‍ ആദിവാസികള്‍ക്ക് ഉറപ്പ് നല്‍കിയത്.
രണ്ടാഴ്ച മുമ്പ് സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് കോളനി സന്ദര്‍ശിച്ച് ആദിവാസികളുടെ ദുരിതങ്ങള്‍ റിപ്പോര്‍ട്ടായി കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കലക്ടര്‍ കോളനി സന്ദര്‍ശിച്ചത്. കോളനിയില്‍ ചേര്‍ന്ന വിവിധ വകുപ്പുതല മേധാവികളുടെയും ആദിവാസികളുടെയും യോഗത്തില്‍ അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് കലക്ടര്‍ പ്രശ്നപരിഹാരം അടിയന്തരമായി സാധ്യമാക്കുമെന്ന് അറിയിച്ചത്. 2019ലെ പ്രളയത്തില്‍ തകര്‍ന്ന ഇരുട്ടുകുത്തി പാലവും ആദിവാസി വീടുകളും ആറ് മാസത്തിനകം നിര്‍മിച്ച് നല്‍കാനാണ് കലക്ടറുടെ നിര്‍ദേശം.
ആദിവാസികള്‍ക്ക് ഭൂമി സാധ്യമാക്കുകയും വൈദ്യുതി അടിയന്തരമായി എത്തിക്കുകയും ചെയ്യും. 2015ല്‍ ബ്ലോക്ക് പഞ്ചായത്ത് അനുമതി തേടിയ 7.5 കോടിയുടെ ആദിവാസി സമഗ്ര വികസന പാക്കേജ് പുനരാവിഷ്കരിച്ച് നടപ്പാക്കും. കഴിഞ്ഞ രണ്ടു പ്രളയങ്ങളുടെയും ദുരന്തക്കാഴ്ച കലക്ടര്‍ നേരിട്ട് കണ്ട് മനസ്സിലാക്കി.
ഇരുട്ടുകുത്തിയില്‍ പാലം നിര്‍മാണത്തിനായി മൂന്ന് ദിവസത്തിനകം സൈറ്റ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്കാന് പി.ഡബ്ല്യു.ഡി നിലമ്പൂര്‍ എ.ഇ സി.ടി. മുഹ്സിന് കലക്ടര്‍ നിര്‍ദേശം നല്കി. സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്ട്ടിന് ലോവലുമായി ചര്‍ച്ച നടത്തി. കോളനിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ കെ.എസ്.ഇ.ബി നിലമ്പൂര്‍ എ.ഇ രഞ്ജിത്തിന് നിര്‍ദേശവും നല്കി. നിറഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴയിലൂടെ ആദിവാസികള്‍ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് കലക്ടറും സംഘവും കോളനിയിലെത്തിയത്.
ചാലിയാര്‍ പുഴക്ക് മറുകരയിലുള്ള ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, മുണ്ടേരി ഫാമിനുള്ളിലെ തണ്ടന്‍കല്ല് എന്നീ അഞ്ച് കോളനിക്കാരാണ് 2019ലെ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുരിതക്കയത്തില്‍ കഴിയുന്നത്. സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടില്‍ ലോവല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പവല്ലി, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിദ്യാരാജന്‍, വൈസ് പ്രസിഡൻറ് ഷാജി ജോണ്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.