സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണം -വി.ഡി. സതീശന്
text_fieldsഎടക്കര: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററില്‍ നാലാം ഷിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്നും രണ്ട് ഡയാലിസിസ് മെഷീനുകള്‍ ഒരു മാസത്തിനുള്ളില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
2017ല്‍ ഒമ്പത് മെഷനറികളുമായി ആരംഭിച്ച ചുങ്കത്തറ ഡയാലിസിസ് സെന്ററില്‍ നിലവില്‍ 16 മെഷനറികളുപയോഗിച്ച് മൂന്ന് ഷിഫ്റ്റുകളിലായി 91 രോഗികളാണ് ഡയാലിസിസ് ചെയ്തുവന്നിരുന്നത്.
എന്നാല്‍, ബ്ലോക്കിന് കീഴില്‍ കുട്ടികള്‍ ഉൾപ്പെടെ നിരവധി രോഗികള്‍ ഡയാലിസിസ് ചെയ്യുന്നതിനായി അപേക്ഷ നല്കി കാത്തിരിക്കുന്ന അവസ്ഥയുണ്ടായ സാഹചര്യത്തിലാണ് നാലാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് സപ്പോര്‍ട്ടിങ് കമ്മിറ്റിയായ മരുപ്പച്ചയുടെ നേതൃത്വത്തില്‍ ബ്ലോക്കിന് കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ 105 വാര്‍ഡുകളില്‍ നിന്നായി 82,69,883 രൂപ സമാഹരിക്കുകയും ചെയ്തു.
ആശുപത്രിയിലേക്കുള്ള ഇന്‍വെര്‍ട്ടര്‍ കേരള ഗ്രാമീണ്‍ ബാങ്ക് റീജനല്‍ ഓഫിസര്‍ പി.ഡി. ജയറാം കൈമാറി. മരുപ്പച്ച കോഓഡിനേറ്റര്‍ റഹ്മത്തുല്ല മൈലാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. റീന (ചുങ്കത്തറ), പി. ഉസ്മാന് (മൂത്തേടം), ഒ.ടി. ജയിംസ് (എടക്കര), തങ്കമ്മ നെടുമ്പടി (വഴിക്കടവ്), വിദ്യാരാജന്‍ (പോത്തുകല്‍), മനോഹരന് (ചാലിയാര്‍), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ എന്‍.എ. കരീം, ഷെറോണ റോയ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ആര്. രേണുക, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ. ബഹാവുദ്ദീന്‍, മറ്റു ജനപ്രതിനിധികള്‍, വ്യാപാരികള്‍, പ്രവാസി സംഘടന പ്രതിനിധികള്‍, ക്ലബ് സന്നദ്ധ പ്രവര്‍ത്തകര്‍ വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.