വനം വകുപ്പിന് കീഴിലെ ദിവസവേതന-കരാര്‍ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നു
text_fieldsഎടക്കര: വനം-വന്യജീവി വകുപ്പിന് കീഴിലെ ദിവസവേതന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനം. അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി.എസ്. പുകഴേന്തി ഉത്തരവിറക്കി. സെപ്റ്റംബര്‍ 23ന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ കത്തിെൻറ അടിസ്ഥാനത്തിലാണിത്.
വനം-വന്യജീവി വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിരവധിപേര്‍ ദീര്‍ഘകാലമായി ജോലിയില്‍ തുടരുന്നതായും ഇത് നിക്ഷിപ്ത താല്പര്യങ്ങള്ക്കും അഴിമതിക്കും കാരണമാകുന്നതായും ശ്രദ്ധയില്‍പെട്ടതായി ഉത്തരവിൽ പറയുന്നു.
ആദ്യഘട്ടമെന്ന നിലയിൽ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവർ, മരിച്ച ജീവനക്കാരുടെ ആശ്രിതർ, ഏതെങ്കിലും പ്രത്യേക ഉത്തരവിലോ, നിര്‍ദേശപ്രകാരമോ ജോലി ചെയ്യുന്നവര്‍ എന്നിവരൊഴികെയുള്ള 56 വയസ്സിന് മുകളിലുള്ള എല്ലാ ദിവസവേതന ജീവനക്കാരുടെയും സേവനം ഉടൻ അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യെപ്പട്ടത്. ദിവസവേതന നിയമനം ദീര്‍ഘിപ്പിച്ച് നല്‍കിയതിലൂടെയോ പുനര്നിയമനത്തിലൂടെയോ അഞ്ച് വര്‍ഷത്തില്‍ കൂടുതൽ വനം ഓഫിസുകളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ അഞ്ച് ദിവസത്തിനകം നല്‍കാനാണ് വിവിധ ഓഫിസുകളിലേക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പേര്, വയസ്സ്, ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തസ്തിക, ഓഫിസ്, തുടര്‍ച്ചയായി ജോലി ചെയ്യുന്ന കാലയളവ്, ആകെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്ത കാലയളവ് എന്നിവ നല്‍കാനാണ് ഉത്തരവിലെ നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.