കാട്ടാനകൾ വഴി മുടക്കി; ഗർഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് ഏഴ് മണിക്കൂറിനുശേഷം
text_fieldsഎടക്കര: കാട്ടാനകൾ വഴി മുടക്കിയതിനാൽ, ഗർഭിണിയായ ആദിവാസി യുവതിയെ ഉൾവനത്തിൽനിന്ന് ആശുപത്രിയിലെത്തിക്കാനായത് മണിക്കൂറുകൾ വൈകി. മുണ്ടേരി കുമ്പളപ്പാറ ആദിവാസി കോളനിയിലെ സുനിലിെൻറ ഭാര്യ സുമിത്രയെയാണ് വ്യാഴാഴ്ച പുലർച്ച മൂന്നോടെ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. മുണ്ടേരി ഉൾവനത്തിൽ ഏഴ് കിലോമീറ്റർ ദൂരെയാണ് കുമ്പളപ്പാറ കോളനി സ്ഥിതി. മുളയിൽ തുണി കെട്ടി ചുമലിൽ ചുമന്ന് ബന്ധുക്കൾ സുമിത്രയെ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും വഴിമധ്യേ ആനക്കൂട്ടം തടസ്സമായി. രണ്ടിടങ്ങളിലായിരുന്നു ആനകൾ നിലയുറപ്പിച്ചിരുന്നത്.
തുടർന്ന് ഏഴ് മണിക്കൂറോളം വേദന സഹിച്ച് ഗർഭിണിയും ബന്ധുക്കളും വഴിയിൽ കിടന്നു. ഒടുവിൽ പുലർച്ചെ രണ്ടോടെയാണ് ഇരുട്ടുകുത്തിയിലുള്ള വനം ഓഫിസിൽ ഇവരെത്തുന്നത്. വനം ഉദ്യോഗസ്ഥർ വിവരം നൽകിയതനുസരിച്ച് മുണ്ടേരി ജി.സി.സി പ്രവാസി ചാരിറ്റി കൂട്ടായ്മയുടെ ആംബുലൻസുമായി ഗ്രാമപഞ്ചായത്ത് അംഗം സലൂബ് ജലീലെത്തി. മുണ്ടേരി ഫാമിൽ കാട്ടാന ശല്യമുള്ളതിനാൽ വനപാലകരുടെ സാന്നിധ്യത്തിലായിരുന്നു യാത്ര. നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ച സുമിത്രയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.