റോഡ് തകര്‍ന്ന് എക്സ്കവേറ്റർ മണ്ണിനടിയിലായി
text_fieldsഎടക്കര: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലാട്-മാമാങ്കര റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാലാട് കോസടിപ്പാലം ജങ്ഷന് സമീപം വിള്ളല്‍ രൂപപ്പെട്ട റോഡിന്റെ ഭാഗത്ത് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം പെയ്ത കനത്ത മഴയിലാണ് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടത്. വിള്ളലുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളില് ഇരുപതടിയോളം താഴ്ചയുണ്ട്. ഇവിടെ റോഡിന്റെ സംരക്ഷണഭിത്തി പൊളിച്ചുമാറ്റിയുള്ള പ്രവൃത്തിയാണ് നടക്കുന്നത്. വഴിക്കടവ് പഞ്ചായത്തങ്ങാടിയില് പുതിയ പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ മാമാങ്കര, മരുത ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാലാട്-മാമാങ്കര പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. വീതികുറഞ്ഞ റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നത് സുഗമമായ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസ്സമാകുകയാണ്.
ബുധനാഴ്ച കെ.എസ്.ആര്.ടി.സി ബസ്, ടാര്‍ മിക്സിങ് യൂനിറ്റ് അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോയതിനാല്‍ മണ്ണിടിച്ചില്‍ വ്യാപിക്കുകയും ചെയ്തു. താഴ്ഭാഗത്ത് പ്രവൃത്തി നടത്തുകയായിരുന്ന എക്സ്കവേറ്ററിന് മുകളിലൂടെ ടാറിങ് ഭാഗം ഉള്‍പ്പെടെയുള്ള മണ്ണിടിഞ്ഞ് വീണെങ്കിലും ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്ക് ഇതുവഴി നിരോധനം ഏര്‍പ്പെടുത്തിയത്.
സംരക്ഷണമതില്‍ പൊളിച്ചുമാറ്റുന്നതിനിടെ പ്രദേശത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈനുകള്‍ പൊട്ടിയതിനാല്‍ ശുദ്ധജല വിതരണവും അവതാളത്തിലായിരിക്കുകയാണ്. പാലാട്, മുണ്ട എന്നിവിടങ്ങളില്‍ ഭാഗികമായും കവളപ്പൊയ്ക, മൊടപ്പൊയ്ക കോളനി, വരക്കുളം, വള്ളിക്കാട് എന്നിവിടങ്ങളില്‍ പൂര്‍ണമായും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.