സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആദിവാസികള്‍ കാടിറങ്ങി
text_fieldsഎടക്കര: തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മിതിദാനാവകാശം വിനിയോഗിക്കാന്‍ പ്രാക്തന ഗോത്രവിഭാഗങ്ങള്‍ പതിവുപോലെ കാടിറങ്ങി. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പ്ര, മുണ്ടേരി ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, തണ്ടന്‍കല്ല്, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കല്‍ തുടങ്ങിയ ആദിവാസി കോളനികളിലെ വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കാടിറങ്ങിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആദിവാസി വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെത്താന്‍ വാഹനമേര്പ്പെടുത്തിയ ജില്ല കലക്ടറുടെ നടപടി ഇവര്‍ക്ക് ഏറെ ഉപകാരപ്രദമായി. ഭൂദാനം ശാന്തിഗ്രം ഗ്രാമസഭാഹാളിലെ ബൂത്തിലാണ് മുണ്ടേരിയിലെ ഭൂരിഭാഗം ആദിവാസി വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്തേണ്ടത്.
വാണിയംപുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനികളിലായി 204 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഇതില്‍ 145 ആദിവാസികള്‍ വോട്ട് രേഖപ്പെടുത്തി. ചെമ്പ്ര കോളനിയിലെ 89 വോട്ടര്‍മാരില്‍ 80 പേര് വോട്ട് രേഖപ്പെടുത്തി. തണ്ടന്‍കല്ല് കോളനിയിലെ 42 വോട്ടര്‍മാരില്‍ 32 പേര് വോട്ട് രേഖപ്പെടുത്തി. അപ്പന്‍കാപ്പ് കോളനിയിലെ 154 വോട്ടര്‍മാരില്‍ 138 വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ചാലിയാര്‍ പുഴക്ക് കുറുെകയുള്ള അമ്പിട്ടാംപൊട്ടി നടപ്പാലം മഹാപ്രളയത്തില്‍ ഒലിച്ച് പോകുന്നതിന് മുമ്പ് വരെ ഇതുവഴിയായിരുന്നു ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനികളിലെ ആദിവാസികള്‍ ശാന്തിഗ്രാം ബൂത്തിലെത്തിയിരുന്നത്. എന്നാല്‍ കാടിറങ്ങി 15 കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് വേണം ആദിവാസികള്‍ക്ക് ഇപ്പോള്‍ ബൂത്തിലെത്താന്‍. ഇവരുടെ ദുരിതം കണ്ടറിഞ്ഞാണ് പോളിങ് ബൂത്തുകളിലെത്താന്‍ കലക്ടര്‍ വാഹനമേര്പ്പെടുത്തിയത്. സര്‍ക്കാര്‍ വാഹനമുണ്ടായിട്ടും രാഷ്ര്ടീയ പാര്‍ട്ടികള്‍ സ്വന്തം നിലക്ക് ആദിവാസികളെ അവരുടെ വാഹനങ്ങളില്‍ ബൂത്തുകളിലെത്തിച്ചിരുന്നു. മുണ്ടേരിയിലെ 80 ശതമാനത്തോളം ആദിവാസികള്‍ തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തി. തണ്ടന്‍കല്ല്, ചളിക്കല്‍, അപ്പന്‍കാപ്പ് ആദിവാസി കോളനികളിലെ വോട്ടര്‍മാര്‍ മുണ്ടേരി ഗവ. ഹൈസ്കൂള്‍, തമ്പുരാട്ടിക്കല്ല് എന്നിവടങ്ങളിലെ ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി കോളനികളിലെ 178 വോട്ടര്‍മാരില്‍ ഭൂരിഭാഗവും തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്താന്‍ കാടിറങ്ങിയിരുന്നു. പൂവത്തിപ്പൊയില്‍ മദ്റസാ ബൂത്തിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. 12ഓടെ ബൂത്തിലെത്തി ഭൂരിഭാഗം ആദിവാസി വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.