ചാലിയാറിന്‍റെ മറുകരയില്‍ കുടുങ്ങിയ ആദിവാസികളെ കോളനികളിലെത്തിച്ചു
text_fieldsഎടക്കര: ചാലിയാര്‍ പുഴ കടക്കാന്‍ കഴിയാതെ മറുകരയില്‍ കുടുങ്ങിയ ആദിവാസികളെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂവിന്റെ ഡിങ്കി ബോട്ടില്‍ സുരക്ഷിതമായി കോളനികളിലെത്തിച്ചു. പോത്തുകല്‍ മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനികളിലെ നാല്‍പതോളം ആദിവാസികളെയാണ് അഗ്‌നിശമനസേനയുടെ ബോട്ടില്‍ ചാലിയാര്‍ പുഴ കടത്തിയത്. ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴയെത്തുടര്‍ന്ന് ചാലിയാറിലെ ജലനിരപ്പുയര്‍ന്നിരുന്നു.
എന്നാല്‍, രാവിലെ മഴക്ക് ശമനമുണ്ടായപ്പോള്‍ ആദിവാസികള്‍ സാധനങ്ങള്‍ വാങ്ങാൻ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ ചാലിയാര്‍ പുഴ കടന്ന് മുണ്ടേരി, പോത്തുകല്‍ തുടങ്ങിയ ടൗണുകളിലേക്ക് എത്തി. സാധനങ്ങള്‍ വാങ്ങി കോളനികളിലേക്ക് മടങ്ങാനെത്തിയപ്പോള്‍ ചാലിയാറില്‍ ചങ്ങാടം തുഴയാനാകാത്തവിധം വെള്ളമുയര്‍ന്നിരുന്നു.
തുടര്‍ന്ന് വിവരം താലൂക്ക് അധികൃതരെ അറിയിക്കുകയും നിലമ്പൂര്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോട്ട് എത്തിച്ച് ആദിവാസികളെ മറുകരയിലെത്തിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നിശമനസേനയുടെ ഡിങ്കി ബോട്ടില്‍ കുറച്ചാളുകള്‍ ഉച്ചക്ക് മുമ്പ് കോളനിയില്‍ തിരികെയെത്തി. രണ്ട് മണിയോടെ പൊന്നാനിയില്‍ നിന്ന് കൊണ്ടുവന്ന ഫൈബര്‍ ബോട്ട് ഇരുട്ടുകുത്തി കടവില്‍ യന്ത്രസഹായത്തോടെ പുഴയിലിറക്കി. എന്നാല്‍, കുത്തൊഴുക്കില്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകാതെ ഈ ശ്രമം അവസാനിപ്പിച്ചു. വെള്ളത്തിലിറക്കിയ ബോട്ട് ഒഴുക്കില്‍പെട്ട് കുറച്ച് താഴേക്ക് ഒലിച്ചുപോയിരുന്നു.
പിന്നീട് അഗ്‌നിശമന സേനയുടെ ഡിങ്കി ബോട്ടില്‍ത്തന്നെ അതിസാഹസികമായാണ് ആദിവാസികളെ സുരക്ഷിതമായി മറുകരയിലെത്തിച്ചത്. തുടര്‍ന്ന് ഐ.ടി.ഡി.പി അധികൃതര്‍ ത്രിവേണിയില്‍ നിന്നെത്തിച്ച ഭക്ഷ്യകിറ്റുകള്‍ മറുകരയിലെത്തിച്ച് ആദിവാസികള്‍ക്ക് നല്‍കി. പൊന്നാനിയിലെ നിന്നുള്ള ഫൈബര്‍ ബോട്ട് പ്രളയകാലത്ത് ഇരുട്ടുകുത്തിയില്‍ ആദിവാസികള്‍ക്ക് ഉപയോഗിക്കാനായാണ് എത്തിച്ചത്. എന്നാല്‍, ചാലിയാറിലെ കുത്തൊഴുക്കില്‍ ഇത് പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലാത്തതിനാല്‍ കൂടുതല്‍ ശക്തിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച ചെറിയ ഒരു ബോട്ട് എത്തിക്കാന്‍ തിരുമാനിച്ചു.
അടിയന്തര ഘട്ടങ്ങളില്‍ അഗ്‌നിശമനസേനയുടെ സഹായവും ലഭ്യമാക്കും. കോളനികളിലെ രോഗബാധിതര്‍ക്ക് അവശ്യ സഹായങ്ങൾ നല്‍കി. നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അരവിന്ദന്‍, സരിതകുമാരി, മോഹനകൃഷ്ണന്‍, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജന്‍, വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്തംഗങ്ങളായ മുസ്തഫ പാക്കട, എം.എ. തോമസ്, ഹരിദാസ്, മറിയാമ്മ കുഞ്ഞുമോള്‍, അഗ്‌നിശമന സേന, പോത്തുകല്‍ പൊലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, വനം വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.