ദുരന്ത മുഖത്ത് അവർ കാരുണ്യം വെച്ചുവിളമ്പി
text_fieldsഎടക്കര: മുണ്ടക്കൈ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആറ് ദിവസം ഭക്ഷണം വച്ചുവിളമ്പി ഫാം തൊഴിലാളികളും ഹരിതകര്‍മ സേനയും.
ആദ്യദിനം തലപ്പാലിയില്‍ തിരച്ചിലിനെത്തിയ രക്ഷാപ്രവര്‍ത്തകരും, സേനകളും, നാട്ടുകാരും ജനപ്രതിനിധികളും കുടിവള്ളെവും ഭക്ഷണവും കിട്ടാതെ ഉച്ചവരെ വലഞ്ഞിരുന്നു. ഉച്ചക്ക് ശേഷമാണ് വെള്ളവും ബ്രഡും പഴവുമൊക്കെ തിരച്ചില്‍ നടക്കുന്ന ഭാഗത്തേക്ക് എത്തിയത്. എന്നാല്‍ പിറ്റേദിവസം മുണ്ടേരി ഫാമിലെ തൊഴിലാളികള്‍ സ്വന്തമായി അരി വാങ്ങി കഞ്ഞിവച്ച് വിളമ്പാന്‍ തുടങ്ങി.
60 കിലോയോളം അരിയുടെ കഞ്ഞിയാണ് അന്ന് തൊഴിലാളികള്‍ വിളമ്പിയത്. അടുത്ത ദിവസം മുതല്‍ പോത്തുകല്‍ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ ഭക്ഷണം പാകം ചെയ്യലും വിളമ്പലും ഏറ്റെടുത്തു. തലപ്പാലി, മുക്കം, പനങ്കയം എന്നിങ്ങനെ ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആറ് ദിവസമായി ഇവര്‍ ഭക്ഷണമൊരുക്കി വിളമ്പുന്ന തിരക്കിലായിരുന്നു. ചില ദിവസങ്ങളില്‍ 85 കിലോ അരിയുടെ ചോറും കഞ്ഞിയും ഇവര്‍ വെച്ചുവിളമ്പി.
സന്നദ്ധ സംഘടനകളും ചില ക്ലബ് പ്രവര്‍ത്തകരും എത്തിച്ച ബിരിയാണിക്ക് പുറമെയാണിത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് ഹരിതകര്‍മ സേനക്ക് പിന്തുണയേകിയത്. തിങ്കളാഴ്ച തിരക്കൊഴിഞ്ഞ നേരം പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജനും ഹരിതകര്‍മ സേനക്കെപ്പം ഭക്ഷണം പാകം ചെയ്യാന്‍ എത്തി. അരിയും സാധനങ്ങളും പഞ്ചായത്തും വില്ലേജ് അധികൃതരും ചേര്‍ന്നാണ് നല്‍കിയത്. ഇതിന് പുറമെ വിവിധ സന്നദ്ധ സംഘടനകളും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിരുന്നു.
വിദ്യാർഥികളുടെ തുടർപഠനത്തിന് കൈത്താങ്ങാവാൻ ബസ് ജീവനക്കാരും
മലപ്പുറം: വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ എല്ലാം തകർന്നവരെ പുനരധിവാസത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിൽ കൈത്താങ്ങാവാൻ ജില്ലയിലെ ബസ് ജീവനക്കാരും കൈ കോർക്കുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് അനാഥരായ, പ്ലസ്ടുവിന് മുകളിൽ പഠിക്കുന്നവരും പഠിക്കാൻ താൽപര്യമുള്ളതുമായ വിദ്യാർഥികളുടെ തുടർ വിദ്യാഭാസത്തിന് പ്രത്യേക പാക്കേജ് ഉണ്ടാക്കി വിദ്യഭ്യാസ ചെലവിനും മറ്റും സഹായം നൽകാനാണ് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ തീരുമാനം.
വയനാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനുമായി ബന്ധപ്പെട്ട് അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്നതിനും പ്രവർത്തനം തുടങ്ങി. ധനസമാഹരണത്തിനും തുടർ പദ്ധതികൾ ആവിഷ്കരിക്കാനും താലൂക്ക് ഭാരവാഹികളെ ചുമതലപ്പെടുത്തുന്നതിനും മുഴുവൻ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ഫണ്ട് സ്വരൂപിക്കാൻ ഏകോപനം നടത്തുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ മൂസ, ജില്ല സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത്ത് കോയ, ജില്ല ഭാരവാഹികളായ എം.പി. ശിവാകരൻ, കുഞ്ഞിക്ക കൊണ്ടോട്ടി, എം. ദിനേശ് കുമാർ, കെ.എം.എച്ച്. അലി തുടങ്ങിയവർ സംബന്ധിച്ചു.
മലകളുടെ സംരക്ഷണത്തിന് ഒപ്പു ശേഖരണം
എടവണ്ണ: മലകളുടെ സംരക്ഷണത്തിന് നാട്ടുകാരുടെ ഒപ്പുശേഖരണം. എടവണ്ണ വില്ലേജിൽ വാർഡ് ഒമ്പതിൽപ്പെട്ട ശാന്തിനഗർ, വയലൂലി, കോട്ടാല, വെള്ളാരംകുന്ന്, ചളിപ്പാടം പ്രദേശങ്ങളുടെ സമീപത്തെ മലകൾ മണ്ണുമാന്തിയുടെ സഹായത്തോടെ വ്യാപകമായി ഇടിച്ചു നിരത്തിയിട്ടുണ്ട്. ഇവ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തുന്നത്. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളുടെയും ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് സമർപ്പിക്കും. ശാന്തിനഗർ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.