അവരെവിടെ?, തിരോധാനത്തിന് മൂന്നുവര്‍ഷം ഇരുട്ടില്‍ തപ്പി അന്വേഷണസംഘം
text_fieldsഎടക്കര: പോത്തുകല്‍ പനങ്കയം കൂവക്കോലിലെ വയോധികയുടെ തിരോധാനത്തിന് മൂന്നു വര്‍ഷം പിന്നിടുമ്പോഴും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പൂച്ചക്കുഴിയില്‍ ഏലിക്കുട്ടിയെന്ന 90കാരിയെയാണ് 2018 ജൂലൈ 25ന് വീടിന് സമീപത്തുനിന്ന് കാണാതായത്. ഓര്‍മക്കുറവുള്ള ഏലിക്കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മകന് തങ്കച്ചന് പോത്തുകല്‍ പൊലീസില്‍ പരാതി നല്കി. തോട്ടം, വനമേഖലയിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
പിന്നീട് ജില്ല പൊലീസ് മേധാവിയായിരുന്ന പ്രതീഷ്കുമാറിനെ നേരില്‍ കണ്ട് മകന് പരാതി നല്കി. പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്, എടക്കര സി.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറുകയും ചെയ്തു. ആരോഗ്യവതിയായ ഏലിക്കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. വിരലടയാള വിദഗ്ധരും തൃശൂര്‍ പൊലീസ് അക്കാദമിയിലെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗത്തിലെ ബയോളജിസ്റ്റ് ഡോ. ആനിയുടെ നേതൃത്വത്തിലുള്ള സംഘവും വീടും പരിസരങ്ങളും പരിശോധിച്ചിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നില്ല. സ്ഥലത്തുനിന്ന് രക്തക്കറ സംഘം കണ്ടെത്തിയിരുന്നു.
ഏലിക്കുട്ടിയെ കൊന്ന ശേഷം ചാലിയാര്‍ പുഴയിലൊഴുക്കിയെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘമെത്തിയത്. എന്നാല്‍, ഇതിന് വ്യക്തമായ തെളിവുകളൊന്നും സംഘത്തിന് ലഭിച്ചില്ല. പ്രതികളെന്ന് സംശയിക്കുന്ന ചിലരിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ ഇടപെടലുണ്ടാകുകയും അന്വേഷണം അട്ടിമറിക്കപ്പെടുകയുമായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. അന്വേഷണ ഭാഗമായി ഏലിക്കുട്ടി താമസിക്കുന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ നടത്തിയ പരിശോധനയില്‍ വേട്ടയാടിയ വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ അന്വേഷണം മൃഗവേട്ടയിലേക്ക് വഴിമാറി.
കള്ളത്തോക്ക് ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ ഏലിക്കുട്ടിയുടെ മകന് തങ്കച്ചനും ഇയാളുടെ മകന് ഷൈനും അറസ്റ്റിലാവുകയും ചെയ്തു.
വനാതിര്‍ത്തിയോട് ചേര്‍ന്ന് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഏലിക്കുട്ടി സ്വന്തമായി അധ്വാനിച്ചാണ് ജീവിച്ചിരുന്നത്. ഭര്‍ത്താവിെൻറ പേരിലുള്ള മുക്കാല്‍ ഏക്കര്‍ സ്ഥലത്തെ കുരുമുളക്, തേങ്ങ, അടക്ക, കശുവണ്ടി എന്നിവയായിരുന്നു ഇവരുടെ വരുമാനം. പോത്തുകല്ലിലെ വിവിധ ബാങ്കുകളില്‍ മൂന്നര ലക്ഷത്തോളം രൂപയുടെ നിക്ഷേപവും ഇവര്‍ക്കുണ്ടായിരുന്നു. കാണാതായ സമയത്ത് സുമാര്‍ നാല് പവനോളം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കൈവശമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏലിക്കുട്ടിയെ കാണാതായിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.