ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും പണവും കളവുപോയി
text_fieldsഎടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച, വഴിപാടായി ലഭിച്ച സ്വര്‍ണവും പണവും മോഷണം പോയി. ക്ഷേത്ര ഓഫിസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണവും വഴിപാട് കൗണ്ടറില്‍ കഴിഞ്ഞ 31ന് എണ്ണി തിട്ടപ്പെടുത്തി സൂക്ഷിച്ച 13,000ത്തോളം രൂപയുമാണ് മോഷണം പോയത്. ഇതിന് പുറമെ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ദീപാരാധനക്കുശേഷം നടയടച്ച് രാത്രി 8.30നും ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചിന് ഇടക്കാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്.
രാവിലെ അഞ്ചിന് പൂജാദികര്‍മങ്ങള്‍ക്കായി ക്ഷേത്രം തുറക്കാനത്തെിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ക്ഷേത്ര കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ നാട്ടുകാരിലൊരാളാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. രാത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി.
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു
എടക്കര: മേഖലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. മൂന്നാഴ്ചക്കിടെ മേഖലയിലെ മൂന്ന് ആരാധനാലയങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം 27ന്ന് പോത്തുകല്‍ ഞെട്ടിക്കുളത്തെ എസ്.എന്‍.ഡി.പി ശാഖയില്‍ മോഷണം നടന്നിരുന്നു.
ഹാളിലും കോവിലിലുമായി സൂക്ഷിച്ചിരുന്ന മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നിരുന്നു. കഴിഞ്ഞ ഏഴിന് കുനിപ്പാല ഹിദായത്തുല്‍ ഇസ്ലാം ജുമാമസ്ജിദിലും മോഷണം നടന്നു. പള്ളിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കപ്പെട്ടു. തിങ്കളാഴ്ച രാത്രി എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്നു. മൂന്നിടങ്ങളിലും മോഷണം നടത്തിയതിന് പിന്നില്‍ ഒരേ സംഘമാണെന്ന് അനുമാനിക്കുന്നു.
മലപ്പുറത്തുനിന്നും വരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും മോഷണം നടന്ന ആരാധനാലയങ്ങളില്‍ വിശദ പരിശോധനകള്‍ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. മഴക്കാലം മോഷ്ടാക്കള്‍ക്ക് അനുകൂല സാഹചര്യമായിരിക്കുകയാണ്. മോഷണം നടന്ന ദിവസങ്ങളിലെല്ലാം കനത്ത മഴയാണ് പെയ്തിരുന്നത്. മോഷ്ടാവ് ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.