വന്യമൃഗ ശല്യം രൂക്ഷം; മൂത്തേടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
text_fieldsഎടക്കര: വന്യമൃഗ ശല്യം രൂക്ഷമായതോടെ മൂത്തേടം നെല്ലിക്കുത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. വനാതിര്‍ത്തിയിലെ കിടങ്ങ് മണ്ണിടിഞ്ഞ് നശിച്ചതോടെയാണ് കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്.
നെല്ലിക്കുത്ത് അംഗന്‍വാടിക്ക് സമീപം പൂവുണ്ടകുന്നിലെ മേലേതില്‍ അബ്ദുല്‍ കരീം, അവിലന്‍ ആലി, പുല്‍ക്കട അസൈനാര്‍, നെല്ലിക്കുത്തിലെ മുണ്ടമ്പ്ര ഷാനിബ എന്നിവരുടെ തോട്ടത്തിൽ ശനിയാഴ്ച രാത്രി കാട്ടാനകള്‍ നാശം വിതച്ചു. കരുളായി റേഞ്ചിലെ പടുക്ക വനത്തില്‍നിന്ന് എത്തിയ ചുള്ളിക്കൊമ്പന്‍ മേലേതില്‍ കരീമിന്റെ തോട്ടത്തില്‍ വ്യാപക നാശമാണ് വരുത്തിയത്.
മൂന്ന് വര്‍ഷം പ്രായമായ നൂറ്റമ്പതോളം റബര്‍ തൈകളും ഇരുപതോളം തേക്ക് തൈകളുമാണ് നശിപ്പിച്ചത്. അവിലന്‍ ആലിയുടെ തോട്ടത്തിലെ റബര്‍, പുല്‍ക്കട അസൈനാറുടെ തോട്ടത്തിലെ കമുക്, റബര്‍ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തില്‍നിന്ന് പുന്നപ്പുഴ കടന്നെത്തിയ കാട്ടാന മുണ്ടമ്പ്ര ഷാനിബയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ 25 റബര്‍ മരങ്ങളും പത്തോളം തേക്കുകളും നശിപ്പിച്ചിട്ടുണ്ട്.
റബര്‍ മരങ്ങളുടെ തൊലി കുത്തിച്ചീന്തിയാണ് നാശം വരുത്തിയിരിക്കുന്നത്. തെറ്റത്ത് ഉമ്മറിന്‍റെ ചിപ്‌സ് നിര്‍മാണശാലയിലും കാട്ടാന നാശം വിതച്ചാണ് മടങ്ങിയത്. തോട്ടത്തിന് ചുറ്റും സ്ഥാപിച്ച വല തകര്‍ത്ത് എത്തുന്ന മുള്ളന്‍പന്നിയുടെ ശല്യവും ഏറെയാണ്.
വന്യമൃഗ ശല്യം തടയാന്‍ പ്ലാസ്റ്റിക് ചാക്കുകള്‍ തൂക്കിയിട്ടും കാറ്റില്‍ കറങ്ങുന്ന രീതിയില്‍ ടോര്‍ച്ച് തൂക്കിയിട്ടും വലിയ ലൈറ്റുകള്‍ സ്ഥാപിച്ചും പലവിധ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും പ്രയോജനമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തകര്‍ന്ന കിടങ്ങ് പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടിവേണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.