എടക്കര ടൗണിലും കാട്ടുപോത്ത്
text_fieldsഎടക്കര: ടൗണിലെത്തിയ കാട്ടുപോത്ത് ഭീതി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ടൗണില്‍ കാട്ടുപോത്തിനെ കണ്ടത്. ശുചീകരണ തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും മറ്റു യാത്രക്കാരുമാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്കയക്കാന്‍ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് ഇല്ലിക്കാട് ഭാഗത്തേക്ക് തിരിയുകയായിരുന്നു. ഇല്ലിക്കാട്, കവളപ്പൊയ്ക വഴി നരിവാലമുണ്ടയിലൂടെ മാമാങ്കരയിലെത്തിയ കാട്ടുപോത്ത് രാവിലെ എട്ടോടെ മരുതയിലെത്തി.
പട്ടാപകല്‍ ജനവാസ കേന്ദ്രങ്ങളിലൂടെ നടന്ന കാട്ടുപോത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മേയാന്‍ വിട്ട നാടന്‍ പോത്തുകള്‍ക്കൊപ്പം ഏറെനേരം കറങ്ങിനടന്നു. പുളിക്കൽ, സ്കൂൾകുന്ന്, വേങ്ങാപ്പാടം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് അഞ്ചരയോടെ ഓടപ്പൊട്ടി ഭാഗത്തുകൂടെ മരുത വനത്തിലേക്ക് കയറുകയായിരുന്നു. ജനവാസ കേന്ദ്രത്തിലൂടെയുള്ള പാച്ചിലിനിടെ ജനങ്ങള്‍ പിന്നാലെ കൂടിയെങ്കിലും കാട്ടുപോത്ത് അക്രമമൊന്നും കാട്ടിയില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂര്‍ രാമംകുത്ത്, വടപുറം, മമ്പാട് എന്നിവിടങ്ങളിലായി കണ്ട കാട്ടുപോത്ത് തന്നെയാകാം എടക്കര ടൗണിലുമെത്തിയതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.