നിരന്തര കാട്ടാനശല്യം; ചെമ്പൻകൊല്ലിയിൽ കര്‍ഷകന് നഷ്ടപ്പെട്ടത് 1500 കവുങ്ങ്
text_fieldsഎടക്കര: നിരന്തര കാട്ടാന ആക്രമണത്തെ തുടർന്ന് മലയോര മേഖലയിലെ ഒരു കര്‍ഷകന് ഒരു മാസംകൊണ്ട് നഷ്ടപ്പെട്ടത് 1500ഓളം കവുങ്ങുകള്‍. എടക്കര ഗ്രാമപഞ്ചായത്തിലെ ചെമ്പന്‍കൊല്ലിയിലാണ് രൂക്ഷമായ കാട്ടാനയാക്രമണം മൂലം കര്‍ഷകന്റെ നടുവൊടിഞ്ഞത്. തിരൂര്‍ സ്വദേശിയായ ചൂരപ്പിലാക്കല്‍ മുഹമ്മദിന്റെ ചെമ്പന്‍കൊല്ലിയിലെ തോട്ടത്തിലാണ് ഇത്രയധികം കവുങ്ങുകളും തെങ്ങുകളും കാട്ടാനക്കൂട്ടം ഒരു മാസത്തിനിടെ നശിപ്പിച്ചത്.
ഇയാളുടെ നാലേക്കര്‍ വരുന്ന തോട്ടം കരിയംമുരിയം വനാതിര്‍ത്തിയിലാണുള്ളത്. 1500 കവുങ്ങുകളും 200 തെങ്ങുകളുമാണ് തോട്ടത്തിലുള്ളത്. അവശേഷിക്കുന്നത് പത്തോളം കവുങ്ങും കുറച്ച് തെങ്ങുകളും മാത്രമാണ്. വൈകുന്നേരമാകുന്നതോടെ തോട്ടത്തിലെത്തുന്ന കാട്ടാനകള്‍ സമീപ കൃഷിയിടങ്ങളിലും വ്യാപക നാശമാണ് വരുത്തിയിട്ടുള്ളത്.
ചാമക്കാലായില്‍ സണ്ണി, ചെമ്മല അമീര്‍, ചെമ്മല നാണി, കുഞ്ഞിക്കോയ, പട്ടശേരില്‍ ജോര്‍ജ് എന്നിവരുടെ വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കുട്ടിയടക്കം അഞ്ച് ആനകളടങ്ങുന്ന കൂട്ടമാണ് സ്ഥിരമായി കൃഷിയിടത്തിലിറങ്ങി നാശം വിതക്കുന്നത്. ഇതിന് പുറമെ ഒരു ഒറ്റയാനും വിളകള്‍ നശിപ്പിക്കാനെത്തുന്നുണ്ട്.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോർജ വേലി തകര്‍ത്താണ് ആനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങുന്നത്. ഇതിന് പുറമെ കര്‍ഷകര്‍ സ്വന്തം നിലക്ക് കൃഷിയിടങ്ങള്‍ക്ക് ചുറ്റും സ്ഥാപിച്ച സൗരോര്‍ജ വേലികളും തകര്‍ത്തിട്ടുണ്ട്. കൃഷിയിടങ്ങള്‍ക്ക് ചുറ്റുമുള്ള കമ്പിവേലി, മോട്ടോര്‍ പുര എന്നിവയും കാട്ടാനക്കൂട്ടം തകര്‍ത്തുകളഞ്ഞു. റബര്‍ മരങ്ങളുടെ തൊലി കാര്‍ന്ന് തിന്നുകയും മഴക്കാല ടാപ്പിങ്ങിനായി ചെയ്ത റെയിന്‍ ഗാര്‍ഡിങ്ങിന്റെ പ്ലാസ്റ്റിക് പോലും വ്യപകമായി നശിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിട്ടും ഇതിന് തടയിടാന്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ വിലപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.