കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി വനാതിര്‍ത്തിയിലെ കര്‍ഷകര്‍
text_fieldsഎടക്കര: രൂക്ഷമായ കാട്ടാനശല്യത്തില്‍ മൂത്തേടം പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ കുടുംബങ്ങള്‍ പൊറുതിമുട്ടുന്നു. കാരപ്പുറം നെല്ലിക്കുത്ത്, ചോളമുണ്ട, നമ്പൂരിപ്പൊട്ടി പ്രദേശങ്ങളിലാണ് നിത്യേനയെന്നോണം കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിലസുന്നത്. കാരപ്പുറം ചോളമുണ്ടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനകള്‍ ചുള്ളിക്കുളവന്‍ മുജീബ്റഹ്മാന്‍, സഹോദരന്മാരായ സുബൈര്‍, അബ്ദുല്ലക്കുട്ടി, മുഹമ്മദ് അഷ്റഫ് എന്നിവരുടെ തോട്ടത്തിലെ 25 ഓളം റബര്‍ മരങ്ങള്‍ നശിപ്പിച്ചു. ശനിയാഴ്ച രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് ആനകളെ തോട്ടത്തില്‍ നിന്ന് ആട്ടിയകറ്റിയത്. തോട്ടത്തിലെ റബര്‍ മരങ്ങള്‍ മറിച്ചിട്ടും തൊലിയും ഇലയും ഭക്ഷിച്ചുമാണ് കാട്ടാനക്കൂട്ടം മടങ്ങിയത്.
ഒരുമാസം മുമ്പും തോട്ടത്തില്‍ കാട്ടനക്കൂട്ടം വ്യാപകനാശം വിതച്ചിരുന്നു. നിരവധി റബര്‍ മരങ്ങളും ആറോളം വൈദ്യുതി തൂണുകളും തകര്‍ത്താണ് അന്ന് ആനകള്‍ മടങ്ങിയത്. നെല്ലിക്കുത്ത് പെരുങ്കൊല്ലന്പാറ, നമ്പൂരിപ്പൊട്ടി എന്നിവിടങ്ങളിലും ആനശല്യം മൂലം കര്‍ഷകര്‍ ദുരിതത്തിലാണ്.
കഴിഞ്ഞ ദിവസം പെരുങ്കൊല്ലന്പാറ പള്ളിക്ക് സമീപം എത്തിയ ആനക്കൂട്ടം പാറശേരി ഷാനിബയുടെ എട്ടും, മുണ്ടമ്പ്ര ഫാത്തിമയുടെ നാലും റബര്‍ മരങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് മുണ്ടോടന്‍ അബ്ദുല്‍ കരീമിന്റെ വീടിനടുത്തെത്തിയ ആനകള്‍ രണ്ട് തേക്ക് മരങ്ങളും നശിപ്പിച്ചു.
വെള്ളിയാഴ്ച പകൽ മൂന്നോടെ നമ്പൂരിപ്പൊട്ടിയില്‍ പട്ടാപ്പകല്‍ കാടിറങ്ങിയെത്തിയ ഒറ്റയാന് പറമ്പില്‍ മേയുകയായിരുന്ന പശുവിനെ ആക്രമിച്ചിരുന്നു. പുന്നക്കാടന് ചിന്നന്റെ പറമ്പില്‍ കെട്ടിയിട്ട പശുവിനെയാണ് കാട്ടാന ആക്രമിച്ച് പരിക്കേല്പിച്ചത്. നിലമ്പൂരില്‍ നിന്ന് എത്തിയ റാപിഡ് റെസ്പോണ്‍സ് ടീമും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് ഒടുവില്‍ ആനയെ കാടുകയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.