രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍; ദുരിതംപേറി കര്‍ഷകര്‍
text_fieldsഎടക്കര: രാപകല്‍ വ്യത്യാസമില്ലാതെ കൃഷിയിടത്തിലെത്തുന്ന കാട്ടാനകള്‍ മൂത്തേടത്തെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മൂത്തേടം പഞ്ചായത്തിന്റെ വനാതിര്‍ത്തി പ്രദേശങ്ങളായ നാരങ്ങമൂലയിലും കല്‍ക്കുളം തീക്കടിയിലുമാണ് ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
കരുളായി വനത്തില്‍നിന്ന് രാവിലെ 11നും വൈകീട്ട് അഞ്ചിനും കല്ലേംതോട് കടന്നെത്തിയ കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് ആനകള്‍ നാരങ്ങമൂലയിലെ ജനവാസകേന്ദ്രത്തിലെത്തി നിരവധി കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. ചക്കിട്ടനിരപ്പേല്‍ സി.എ. മാത്യുവിന്റെ എണ്‍പതിലധികം കമുകുകളും നിരവധി റബര്‍ തൈകളും പുത്തന്‍വീട്ടില്‍ ശ്യാമളയുടെ നൂറിലധികം റബര്‍ തൈകള്‍, അഞ്ചാനിയില്‍ ജോണ്‍സന്റെ 60 കമുകുകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. രാത്രികളില്‍ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ജനവാസകേന്ദ്രത്തില്‍ തുടരുന്നത് മലയോരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
ഞായറാഴ്ച രാത്രി പടുക്ക വനത്തില്‍ നിന്നിറങ്ങിയ ഒറ്റയാനാണ് തീക്കടി നഗറിന് സമീപം മുണ്ടമ്പ്ര ബഷീറിന്റെ തോട്ടത്തില്‍ നാശം വിതച്ചത്. ഇയാളുടെ തോട്ടത്തിലെ കായ്ച്ച് തുടങ്ങിയ അഞ്ച് തെങ്ങുകള്‍, നാല് കമുകുകള്‍ എന്നിവയാണ് ഒറ്റ രാത്രിയില്‍ നശിപ്പിച്ചത്. വന്യമൃഗശല്യം ചെറുക്കാന്‍ പൂളക്കപ്പാറ മുതല്‍ പടുക്ക വനം ക്വാർട്ടേഴ്സ് വരെ ട്രഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും 700 മീറ്ററോളം ഭാഗം ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല. തീക്കടി നഗര്‍ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്തുകൂടിയാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നതെന്നും ഈ ഭാഗവും ട്രഞ്ച് നിര്‍മിച്ചാല്‍ മാത്രമേ കാട്ടാനശല്യം ചെറുക്കാന്‍ കഴിയൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വളവും വെള്ളവും നല്കി പരിപാലിച്ചുപോരുന്ന കൃഷി പാകമാകുമ്പേഴേക്കും വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. കൃഷിയിലൂടെ ഉപജീവനം തേടുന്ന കര്‍ഷകന്റെ വരുമാനം നിലച്ചതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്. ബാങ്കില്‍ നിന്നും മറ്റും വായ്പകള്‍ എടുത്ത് പാട്ടക്കൃഷി നടത്തുന്ന കര്‍ഷകരുടെ അവസ്ഥയും സങ്കടകരമാണ്. നാശം സംഭവിക്കുന്ന കൃഷിയിടം വന്നുനോക്കി നഷ്ടം കണക്കാക്കാന്‍ പോലും തയാറാകാത്ത വനപാലകരുടെ നിലപാടിലും കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്. ഓഫിസ് കെട്ടിടങ്ങളും ക്വാർട്ടേഴ്സുകളും നിര്‍മിക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന വനം വകുപ്പ് കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ചെമ്പൻകാട്ടിൽ ആനകൾ വാഴകൃഷി നശിപ്പിച്ചു
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പാന്ത്ര ചെമ്പൻകാട്ടിൽ വാഴകൃഷി നശിപ്പിച്ച് കാട്ടാനകളുടെ വിഹാരം. ചെമ്പൻകാട് പാലത്തിന് സമീപം മഠത്തിൽ അബ്ബാസിന്റെ 200ഓളം വാഴകളാണ് കഴിഞ്ഞദിവസം ആനകൾ ഭക്ഷണമാക്കിയത്. കുടുംബശ്രീയിൽനിന്നും മറ്റും വായ്പയെടുത്താണ് അബ്ബാസും ഭാര്യയും പാട്ടത്തിനെടുത്ത ഭൂമിയിൽ ആയിരത്തോളം വാഴകൾ നട്ടത്. അടുത്ത ആഴ്ച വിളവെടുക്കേണ്ട വാഴകളാണിവ. ഈ ഭാഗത്ത് ആനകളുടെ ശല്യമുണ്ടാവാറില്ല. ആർത്തല എസ്റ്റേറ്റ് ഭാഗത്ത് നിന്നാണ് ഇവ ഇറങ്ങിയയെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.