തമിഴ്നാട്ടില്‍ മൂന്നുപേരെ കൊന്ന കാട്ടാന മുണ്ടേരി വനത്തിൽ
text_fieldsഎടക്കര: തമിഴ്നാട് പന്തല്ലൂരില്‍ നാലുപേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂര്‍ വനത്തിലെത്തി. നിലമ്പൂര്‍ റേഞ്ച് പരിധിയിലെ മുണ്ടേരി ഉള്‍വനത്തിലെ കുമ്പളപ്പാറ, വാണിയംപുഴ ഭാഗത്താണ് കൊലയാളി ആനയെത്തിയതായി ദൗത്യസംഘം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴോടെ പന്തല്ലൂര്‍ പുഞ്ചക്കൊല്ലി ആനപ്പള്ളം വീടിന് സമീപത്ത് ഈ ആന രണ്ടുപേരെ ചവിട്ടിക്കൊന്നിരുന്നു. ഗുഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്‍ കൗണ്‍സിലര്‍ ആനന്ദരാജ് എന്ന കണ്ണന് (49), മകന് പ്രശാന്ത് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
പന്തല്ലൂര്‍ താലൂക്കില്‍ ഒരാഴ്ചക്കിടെ നാലുപേരെയാണ് ഒറ്റക്കൊമ്പന് ശങ്കര്‍ എന്ന് വിളിപ്പേരുള്ള ആന കൊലപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗുഡല്ലൂര്‍-വൈത്തിരി-കോഴിക്കോട് റോഡ് ഉപരോധിക്കുകയും തൊഴിലാളികള്‍ പണിമുടക്കുകയും പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം ഉള്‍പ്പെടെ പത്ത് ലക്ഷം നല്‍കാനും തീരുമാനിച്ചു. ആനയെ മയക്കുവെടിവെച്ച് പിടികൂടി മുതുമല ആനവളര്‍ത്തല്‍ കേന്ദ്രത്തിലാക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി മുതുമലയില്‍നിന്ന് വസീം, ബൊമ്മന്, ആനമല ക്യാമ്പില്‍നിന്ന് കലീം എന്നീ കുങ്കിയാനകളെ എത്തിച്ച ശേഷം കഴിഞ്ഞദിവസം മയക്കുവെടി വെച്ചെങ്കിലും ആനക്കൂട്ടത്തിെൻറ സഹായത്തോടെ ഒറ്റക്കൊമ്പനും വനത്തിലേക്ക് കടന്നു. തുടര്‍ന്ന് മൂന്ന് ഡ്രോണ്‍ കാമറകളുടെ സഹായത്തില്‍ നിരീക്ഷണം നടത്തി.
വനത്തില്‍ 25ഓളം കാമറകള്‍ സ്ഥാപിച്ച് നാല്പതോളം പേർ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിലാണ് കാല്പാടുകള് പരിശോധിച്ച് കേരളത്തിലേക്ക് കടന്നതായി മനസ്സിലാക്കിയത്.
ചേരമ്പാടി, കോട്ടമല, ഗ്ളെൻറോക്ക് വഴിയാണ് ആന നിലമ്പൂര്‍ വനത്തിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് തമിഴ്നാട് വനം ഡി.എഫ്.ഒ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒയുമായി ബന്ധപ്പെട്ട ശേഷം പതിനഞ്ചോളം പേരടങ്ങുന്ന മുതുമല എലിഫെൻറ് ട്രാക്കിങ് ടീം മുണ്ടേരി വനഭാഗത്തെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുട്ടുകുത്തി, വാണിയംപുഴ ഭാഗത്ത് ഒറ്റക്കൊമ്പന് ശങ്കറിനെ കണ്ടെത്തിയതായി ആദിവാസികള്‍ വിവരം നല്‍കിയത്. കോളനിയിലെ രണ്ട് ആദിവാസികളെ കിലോമീറ്ററോളം ദൂരത്തില്‍ ആന പിന്തുടര്ന്നതായി ഇവര്‍ പറഞ്ഞു.
ആക്രമണസ്വഭാവം കാണിക്കുമെന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് വനത്തില്‍ പട്രോളിങ് ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.