കാട്ടാനശല്യം; മരുതയിലും കുറുമ്പലങ്ങോട്ടും വ്യാപക കൃഷിനാശം
text_fieldsഎടക്കര: കാട്ടാനശല്യം രൂക്ഷമായതോടെ മലയോര മേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍. വഴിക്കടവ് മരുതയിലും ചുങ്കത്തറ കുറുമ്പലങ്ങോടും കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വിളകള്‍ നശിപ്പിച്ചാണ് മടങ്ങിയത്.
മരുതക്കടവിലെ വാഴക്കുത്ത് ജാഫറിന്റെ കീരിപ്പൊട്ടിയിലെ തോട്ടത്തിലാണ് തിങ്കളാഴ്ച രാത്രി കാട്ടാനക്കൂട്ടം എത്തിയത്. രണ്ടര വര്‍ഷം പ്രായമുള്ള 20 കമുകുകള്‍, കുലച്ച നേന്ത്ര ഉള്‍പ്പെടെയുള്ള അമ്പതോളം വാഴകള്‍, 20 തെങ്ങിന് തൈകള്‍ എന്നിവയാണ് ഇവിടെ നശിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ ജാഫറിന് തോട്ടത്തില്‍ കാണാനായത് തന്റെ അധ്വാനമെല്ലാം ഒറ്റ രാത്രിയില്‍ തകര്‍ന്നതാണ്. വനാതിര്‍ത്തികളില്‍ വനം വകുപ്പ് സ്ഥാപിച്ച ഫെന്‍സിങ് പ്രവര്‍ത്തനരഹിതമായതാണ് കാട്ടാനകള്‍ കൂട്ടത്തോടെ കാടിറങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നത്. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് മാതയിലും കാട്ടാനക്കൂട്ടം വ്യാപകനാശമാണ് കൃഷിയിടങ്ങളില്‍ വരുത്തിയത്.
കാല്പ്പാത്തൊടി ഭാനുമതിയമ്മയുടെ വീടിനോട് ചേര്‍ന്ന സ്ഥലത്തെ വാഴ, കമുക് എന്നിവ നശിപ്പിച്ച ആനക്കൂട്ടം പിന്നീട് ചെന്നത് പൂവത്തി ബഷീറിന്റെ കൃഷിയിടത്തിലേക്കാണ്. കുറുമ്പലങ്ങോട് പാടശേഖരത്തിലെ ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തുവരുന്ന കപ്പ, തെങ്ങ്, കമുക് എന്നിവയെല്ലാം നശിപ്പിച്ചു. കനത്ത സാമ്പത്തികനഷ്ടമാണ് രണ്ടിടത്തും കര്‍ഷകര്‍ നേരിട്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടാനകളെ ചെറുക്കാന്‍ ഫലപ്രദമായ നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.