തൊഴിലാളികള്‍ രാത്രികാവല്‍ ബഹിഷ്കരിച്ചു; മുണ്ടേരി വിത്തുകൃഷിത്തോട്ടം വന്യമൃഗങ്ങളുടെ പിടിയില്‍
text_fieldsഎടക്കര: കൃഷിവകുപ്പിെൻറ പ്രതികാരനടപടിയെ തുടര്‍ന്ന് തൊഴിലാളികള്‍ രാത്രികാവല്‍ ജോലി ബഹിഷ്കരിച്ചതോടെ മുണ്ടേരി വിത്തുകൃഷിത്തോട്ടം വന്യമൃഗങ്ങളുടെ പിടിയില്‍. ഒരാഴ്ചയായി കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ തെങ്ങിന്തോപ്പായ മുണ്ടേരി സീഡ് ഗാര്ഡന് കോംപ്ലക്സ്.
ഫാമിലെ ഒന്ന്, രണ്ട്, മൂന്ന് ബ്ലോക്കുകളിലാണ് കാട്ടാനകള്‍ ഒരാഴ്ചയായി തമ്പടിച്ചിരിക്കുന്നത്. പാറക്കല്‍ ഭാഗത്തെ കല്പക പാര്‍ക്കിലെ രണ്ടായിരത്തോളം തെങ്ങിന്‍തൈകള്‍, മാളകത്തേക്ക് പോകുന്ന ഭാഗത്തെ തെങ്ങുകള്‍, ബ്ലോക്ക് ഒന്നിലെ എക്സോട്ടിക് പ്ലാൻറിലെ പ്ലാവുകള്‍ എന്നിവയാണ് നശിപ്പിച്ചത്. ഫാമില്‍ വിത്തുല്പാദനത്തിന് തേങ്ങകള്‍ ഇല്ലാത്തതിെന തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍നിന്ന് ഡബ്ല്യൂ.സി.ടി ഇനത്തില്‍പെട്ട ഒരുലക്ഷം തേങ്ങള്‍ വിലയ്ക്ക് വാങ്ങി പാകിയിരുന്നു. തവാരണയില്‍ ഒരുവര്ഷത്തോളമായ രണ്ടായിരത്തോളം തൈകളാണിപ്പോള് ഒരാഴ്ചകൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചിച്ചത്.
300 ഏക്കര്‍ വരുന്ന ഒാരോ ബ്ലോക്കിലും ഒരു തൊഴിലാളിയെ വീതം രാത്രികാവലിന് നിയോഗിച്ച് പുതിയ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കുകയും ഡി.ഡിയെ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പുതിയ ഉത്തരവിറക്കുകയും ചെയ്തു.
ബ്ലോക്ക് ഒന്നില്‍ മൂന്നും രണ്ട്, മൂന്ന്, പാറക്കല്‍ ബ്ലോക്കുകളില്‍ രണ്ടു വീതവും തൊഴിലാളികളെ രാത്രികാവലിന് നിയോഗിച്ചുകൊണ്ടായിരുന്നു ഉത്തരവ്. എന്നാല്‍, രാത്രികാവല്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ തുടര്‍ച്ചയായി ഒരാഴ്ച ജോലിയെടുക്കണമെന്നും സ്വന്തം ഉത്തരവാദിത്തത്തില്‍ ജോലിചെയ്യണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. മാത്രവുമല്ല, ആനകളെ തുരത്താന്‍ ഫാമിെൻറ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടില്ല, ടോര്‍ച്ച് തുടങ്ങിയവ തൊഴിലാളികള്‍ കൊണ്ടുവരണം തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ടായിരുന്നു. വൈകീട്ട് അഞ്ചിന് ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് രാവിലെ എട്ടിനാണ് ജോലികഴിഞ്ഞ് മടങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
മൂന്നു ദിവസം തുടര്‍ച്ചയായി ജോലിചെയ്ത തൊഴിലാളികള്‍ അവശരായതിനെ തുടര്‍ന്ന് രാത്രികാവല്‍ ജോലിചെയ്യാന്‍ കഴിയില്ലെന്ന് രേഖാമൂലം ഡി.ഡിക്ക് കത്ത് നല്കി. തുടര്‍ന്ന് രാത്രികാലകാവല് ബഹിഷ്കരിക്കുകയും ചെയ്തു.
ഇതോടെ ഫാമിനുള്ളില്‍ കാട്ടാനകള്‍ സ്വൈര്യവിഹാരം തുടങ്ങി. നാശത്തില്‍നിന്ന് നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഫാമിനെ തകര്‍ക്കുകയാണ് ചില ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് തൊഴിലാളികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.