കണ്ണ് തെറ്റിയാൽ കുട്ടികൾ റോഡിൽ; എന്ന് വരും, അംഗൻവാടിക്ക് ചുറ്റുമതിൽ
text_fieldsഎടപ്പാൾ: റോഡിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എടപ്പാൾ അങ്ങാടി എട്ടാം വാർഡിൽ പഴയ ബ്ലോക്ക്-തലമുണ്ട റോഡരികിൽ പ്രവർത്തിക്കുന്ന നമ്പർ 88 അംഗൻവാടിക്കാണ് ചുറ്റുമതിൽ നിർമിക്കേണ്ടത്. പിഞ്ചുകുട്ടികൾക്ക് മതിയായ സുരക്ഷ ആവശ്യമായിരിക്കേ വർഷങ്ങളായി റോഡിനോട് ഏറ്റവും അടുത്തായാണ് ഈ അംഗൻവാടി പ്രവർത്തിക്കുന്നത്.
റോഡും അംഗൻവാടിയും തമ്മിൽ ഒരു മീറ്റർ അകലമേ ഉള്ളൂ. മുൻവാതിൽ അടച്ചാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. പുതുതായി വരുന്ന കുട്ടികൾ രക്ഷിതാക്കളുടെ പിന്നാലെ ഓടിപ്പോകുന്ന സാഹചര്യമുണ്ടാകാറുണ്ട്. ജീവനക്കാർ അതീവ ശ്രദ്ധപുലർത്തിയില്ലെങ്കിൽ അപകടത്തിന് വഴിതെളിക്കും. പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്. പകൽ കുട്ടികൾക്ക് ഭീഷണിയായി നായ്ക്കൂട്ടം ഇവിടെ തമ്പടിക്കുന്നു. വർഷങ്ങളായി ചുറ്റുമതിൽ നിർമിക്കണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഒരുനടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് പരാതി.
ചുറ്റുമതിൽ ഇല്ലാത്തതും നായ്ക്കളുടെ ശല്യവും കുട്ടികൾക്ക് ഭീഷണിയുയർത്തുന്നു. എട്ടാം വാർഡ് മെംബറുടെ നിരന്തര ആവശ്യത്തെ തുടർന്ന് ചുറ്റുമതിൽ നിർമിക്കാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും അംഗൻവാടിയുടെ ആധാരവുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് തടസ്സം സൃഷ്ടിക്കുന്നത്. ഈ പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് വാർഡ് മെംബർ മുനീറ കോലക്കാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.