കെ.എസ്.ആർ.ടി.സിയുടെ അതിവേഗ സർവിസിനായി 'ബൈപാസ് ഫീഡർ' റെഡി
text_fieldsഎടപ്പാൾ: കെ.എസ്.ആർ.ടി.സിയുടെ അതിവേഗ ബൈപാസ് റൈഡറിനായി ബൈപാസ് ഫീഡർ റെഡി. കണ്ടനകം വർക്ക്ഷോപ്പിൽ 12 ബൈപാസ് ഫീഡർ ബസുകളാണ് തയാറാക്കി നൽകിയത്. ഇതിനു പുറമെ അഞ്ച് സ്റ്റേഷൻ സെന്ററും ഇവിടെയാണ് തയാറാക്കിയത്. പഴയ ലോഫ്ലോർ ബസുകൾ രൂപമാറ്റം വരുത്തിയാണ് അതിവേഗ ബൈപാസ് റൈഡിനായി സ്റ്റേഷൻ സെന്ററുകൾ ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കെ.എസ്.ആർ.ടി.സി ഒരുക്കുന്ന പുതിയ പദ്ധതിയാണ് സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവിസുകൾ. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിലെ സൂപ്പർക്ലാസ് സർവിസ് ബൈപാസ് റൈഡർ സർവിസായി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ബൈപാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ യാത്രാസമയം രണ്ട് മണിക്കൂറിലധികം കുറയും. ട്രെയിൻയാത്ര പോലെ സമയകൃത്യത പാലിച്ച് കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ടാകും ബൈപാസ് റൈഡർ സർവിസ് നടത്തുക. തിരക്കേറിയ റോഡുകളിലും പ്രധാന ടൗണിലുകളിലും ദീർഘദൂര സർവിസുകൾക്കുണ്ടാകുന്ന സമയ, ഇന്ധനനഷ്ടം ബൈപാസ് പാതകൾ ഉപയോഗിക്കുന്നതിലൂടെ പരമാവധി ഒഴിവാക്കാനാകും. റൈഡർ സർവിസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും.
തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജങ്ഷൻ, മലപ്പുറത്ത് കോട്ടക്കൽ ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡർ സ്റ്റേഷനുകൾ. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്ന് ഫീഡർ സ്റ്റേഷനുകളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവിസുകളുമുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ 39 ബസ് ഫീഡർ സർവിസായി ഓടിക്കും. ബൈപാസ് റൈഡർ സർവിസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീഡർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. 12 ഫീഡർ ബസുകളും ഡിപ്പോകൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.