അംഗീകാര നിറവിൽ ചാത്തനാത്ത് അച്യുതനുണ്ണി
text_fieldsഎടപ്പാൾ: സാഹിത്യ സൈതാന്തികനും കവിയും നിരൂപകനും വള്ളത്തോൾ വിദ്യാപീഠത്തിന്റെ സെക്രട്ടറിയുമായ ചാത്തനാത്ത് അച്യുതനുണ്ണിക്ക് സംസ്ഥാന സർക്കാറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.
സംസ്ഥാന സർക്കാർ പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് അവരുടെ സമഗ്ര സംഭാവന മുൻനിർത്തി നല്കുന്ന കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പ്രൈസ് ഫോർ റിസർച്ചേഴ്സ് അവാര്‍ഡിനാണ് ഇത്തവണ എടപ്പാൾ സ്വദേശി പ്രഫ. ചാത്തനാത്ത് അച്യുതനുണ്ണി അർഹനായത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ആധുനിക തലമുറയിൽപ്പെട്ട പ്രമുഖനായ കവിയും സൗന്ദര്യശാസ്ത്ര പണ്ഡിതനും സാഹിത്യഗവേഷകനും ഗദ്യസാഹിത്യകാരനും അദ്ധ്യാപകനുമായ ചാത്തനാത്ത് അച്യുതനുണ്ണി കാലിക്കറ്റ് സർവകലാശാലയിലെ ആദ്യത്തെ ഗവേഷകവിദ്യാർഥി കൂടിയായിരുന്നു. പിന്നിട് അവിടെ അധ്യാപകനായി ചേർന്നു. 1986 മുതൽ വകുപ്പധ്യക്ഷനായി. നിലവിൽ ഭാഷാ ഫാക്കൽറ്റി ഡീനുമാണ്. എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം സ്ഥാപക സെക്രട്ടറിയും തിരൂർ തുഞ്ചൻസ്മാരകത്തിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
1955 മുതൽ ആനുകാലികങ്ങളിൽ ഒട്ടേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1987ൽ കേരളസാഹിത്യ അക്കാദമി പുരസ്കാരം, 2011ൽ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം,1988ൽ സഹൃദയവേദി പുരസ്കാരം, മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ എന്നിവ ലഭിച്ചിട്ടുണ്ട്. 85 വയസ്സുള്ള അച്യുതനുണ്ണിക്ക് നിരവധി പ്രമുഖരായ ശിഷ്യരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.