എടപ്പാൾ മേൽപാല നിർമാണം ഉടൻ പൂർത്തീകരിക്കും –മന്ത്രി മുഹമ്മദ് റിയാസ്
text_fieldsഎടപ്പാൾ (മലപ്പുറം): മേൽപാല നിർമാണം മുന്തിയ പരിഗണന നൽകി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചുമതലയേറ്റടുത്ത ശേഷം എടപ്പാൾ മേൽപാല നിർമാണ പ്രവൃത്തികൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
ഏറ്റവും പ്രാധാന്യമേറിയ പാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാൾ മേൽപാലത്തിെൻറ പ്രവൃത്തികളെ നോക്കിക്കാണുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പാലത്തിെൻറ എട്ട് സ്പാനുകളിൽ ആറെണ്ണം പൂർത്തീകരിച്ചു.
80 ശതമാനത്തോളം ജോലികളാണ് പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. വകുപ്പിന് കീഴിൽ നടക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികൾക്ക് കൂടി തുടക്കമിടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് കലക്ടർ കെ. ഗോപാലകൃഷ്ണെൻറ നേതൃത്വത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്നു. എത്രയും പെട്ടെന്ന് നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഓണത്തിന് മുമ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്നും ഓക്സിജൻ ക്ഷാമം നിർമാണ പ്രവൃത്തിക്ക് തടസ്സമാണെന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു. കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിലേക്ക് തിരിയുന്ന റോഡിൽ സ്ഥലം ഏറ്റെടുക്കാൻ സർവേ നടത്താൻ കലക്ടർ തഹസിൽദാർക്ക് നിർദേശം നൽകി.
എ.ഡി.എം സി. റജിൽ, തിരൂർ ആർ.ഡി.ഒ കെ.എം. അബ്ദുൽ നാസർ, തഹസിൽദാർ ടി.എൻ. വിജയൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്, പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗം ജനറൽ മാനേജർ ഐസക് വർഗീസ്, മഞ്ചേരി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എ.പി.എം. മുഹമ്മദ് അഷ്റഫ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ഗോപൻ മുക്കുളത്ത്, ഷിംനാജ്, കിറ്റ്കോ സീനിയർ കൺസൽട്ടൻറ് എം. ബൈജു ജോൺ, കരാറുകാരായ ഏറനാട് കൺസ്ട്രക്ഷൻസ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
'ജനങ്ങൾക്ക് നേരിൽ പരാതി പറയാൻ അവസരമൊരുക്കും'
എടപ്പാൾ: ജൂൺ, ജൂലൈ മാസങ്ങളിൽ ആഴ്ചയിലൊരിക്കൽ ജനങ്ങൾക്ക് നേരിട്ട് കണ്ട് പരാതി പറയാൻ അവസരമൊരുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എടപ്പാൾ മേൽപാല നിർമാണ പ്രവൃത്തികൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി.
72 എൻജിനീയർമാരുടെ യോഗം വിളിച്ച് ഈ പ്രദേശങ്ങളിൽ നടപ്പാക്കിയ പ്രവൃത്തികൾ ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു. ജൂൺ ഏഴുമുതൽ ജനങ്ങൾക്ക് പരാതി അറിയിക്കാൻ ആപ് പുറത്തിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.