പുതുവത്സര സമ്മാനമായി എടപ്പാൾ മേൽപാലം നാടിന് സമർപ്പിക്കും: 2019 ജനുവരിയിലായിരുന്നു നിർമാണ പ്രവൃത്തി ഉദ്ഘാടനം
text_fieldsഎടപ്പാൾ: പുതുവത്സര സമ്മാനമായി എടപ്പാൾ മേൽപാലം നാടിന് സമർപ്പിക്കും. ജനുവരി എട്ടിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയ എടപ്പാൾ ടൗണിന് ശാശ്വത പരിഹാരമായി 2012ലാണ് മേൽപാലം എന്ന ആശയമുയർന്നത്. 2019 ജനുവരിയിലായിരുന്നു നിർമാണ പ്രവൃത്തി ഉദ്ഘാടനം. മെയിലാണ് പ്രവൃത്തികൾക്ക് തുടക്കമിടുന്നത്. എന്നാൽ, പിന്നീട് നിരവധി തടസ്സങ്ങൾ നേരിട്ടു.
പ്രളയം, കോവിഡ്, ഗതാഗതം പ്രശ്നം എന്നിവയെയെല്ലാം അതിജീവിച്ചാണ് പാലം യാഥാർഥ്യമായത്. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധിതവണ തീയതി പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. അവസാനം നവംബർ 26നായിരുന്നു ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ ടാറിങ് പ്രവൃത്തികൾ വൈകിയതോടെ ഉദ്ഘാടന തീയതി വീണ്ടും മാറ്റി.
ടാറിങ്ങും ഭാരപരിശോധനയും പൂർത്തിയായതോടെയാണ് ഉദ്ഘാടനം ജനുവരി എട്ടിന് പ്രഖ്യാപിച്ചിരിക്കുന്നത്. 98 ശതമാനം പ്രവൃത്തികളും പൂർത്തിയായി. എടപ്പാൾ ടൗണിന് കുറുകെ 250 മീറ്റർ നീളത്തിലും 7.4 മീറ്റർ വീതിയിലുമാണ് പാലം. എട്ട് സ്പാനുകളുണ്ട്.13.5 കോടി ചെലവിലാണ് നിർമാണം. സിഗ്നൽ സംവിധാനം, സുരക്ഷ കാമറകൾ, ലൈറ്റുകൾ പാർക്കിങ് സൗകര്യം എന്നിവ സജ്ജമാക്കി. മലപ്പുറം ജില്ലയിൽ ഒരു ടൗണിന് കുറുകെ സംസ്ഥാന-ദേശീയപാതകൾക്ക് മുകളിലൂടെ പണിത പ്രഥമ മേൽപാലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.