ഇനിയെല്ലാം ഈസി; കുരുമുളക് മെതിക്കാം, മണിക്കൂറിൽ 400 കിലോ
text_fieldsഎടപ്പാൾ: കുരുമുളക്ക് മെതിക്കാൻ സ്വന്തമായി യന്ത്രം വികസിപ്പിച്ചെടുത്ത് കർഷകൻ. വട്ടംകുളം പോട്ടൂർ സ്വദേശി മുതുമുറ്റത്ത് മാടേക്കാട്ടിൽ മൊയ്തീനാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. ആക്രിസാധനങ്ങൾ ഉപയോഗിച്ചാണിത് നിർമിച്ചത്. വിപണനം നടത്തുന്നതിനൊപ്പം മൊയ്തീൻ കുരുമുളക് കൃഷിയും നടത്തുന്നുണ്ട്. മുമ്പ് കാലുപയോഗിച്ചാണ് മൊയ്തീൻ കുരുമുളക് മെതിച്ചിരുന്നത്. ഇത്തരത്തിൽ 50 മുതൽ 60 കിലോ വരെ മാത്രമേ മെതിക്കാനാവൂ. ഇതാണ് പുതിയ മെതിയന്ത്രം എന്ന ആശയത്തിലേക്ക് മൊയ്തീനെ എത്തിച്ചത്.
കൃഷികൾക്ക് ഒപ്പം കൂടുന്ന സഹോദരൻ മുസ്തഫയും പിന്തുണ നൽകിയപ്പോൾ നിർമാണം ഈസിയായി. ആദ്യം ആക്രി സാധനങ്ങൾ ശേഖരിച്ചു. നെല്ല് മെതിയന്ത്രത്തിന്റെ ബോഡിയും പൈപ്പുകളുമെല്ലാം പഴയ സാധനങ്ങൾ തന്നെ. യന്ത്രം രൂപകൽപന നടത്തി വൈദ്യുതിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ മണിക്കൂറിൽ 400 കിലോ വരെ കുരുമുളക് മെതിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.
നാലും അഞ്ചും ദിവസം എടുത്ത് മെതിച്ചിരുന്ന കുരുമുളക് മണിക്കൂറുകൾ കൊണ്ട് മെതിക്കാൻ സാധിച്ചതോടെ ലാഭം വർധിച്ചതായാണ് മൊയ്തീൻ പറയുന്നത്. കൂടുതൽ കുരുമുളക് ശേഖരിച്ച് ലാഭം ഇരട്ടിയാക്കാൻ സാധിച്ചതായും മൊയ്തീൻ പറയുന്നു. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മെതിയന്ത്രത്തെക്കാൾ കാര്യക്ഷമത ഇതിനുണ്ടെന്ന് മൊയ്തീൻ അവകാശപ്പെടുന്നു.
ഇതിൽ കുരുമുളക് ചതയുകയോ തൊലി ഇളകി പോവുകയോ ചെയ്യില്ലെന്നും ചണ്ടി വേർതിരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.