പ്രവാസം വിട്ട് പിതാവിന്റെ പാതയിൽ അബ്ബാസ് മണ്ണിൽ പൊന്ന് വിളയിക്കുന്നു
text_fieldsഎടപ്പാൾ: മണ്ണിൽ പണിയെടുത്താൽ പൊന്ന് വിളയിക്കാം, എന്ന് തെളിയിക്കുകയാണ് പ്രവാസിയായിരുന്ന അബ്ബാസ്. 17 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കോലൊളമ്പ് സ്വദേശി കൊരട്ടിയിൽ അബ്ബാസ് ഇനിയെന്ത് എന്ന ചോദ്യത്തിൽ നിന്നാണ് ജീവിത മാർഗമാക്കി കൃഷി തെരഞ്ഞെടുത്തത്.
ഇക്കാലത്ത് കുടുംബം പോറ്റാൻ പറ്റിയ ജോലിയല്ല കൃഷിയെന്ന് പലരും ഉപദേശിച്ചു. എന്നാൽ, അവർക്ക് മുന്നിൽ ഇന്ന് അബ്ബാസ് നെഞ്ചുവിരിച്ചു നിന്ന് പറയും, കൃഷി അത്രക്ക് മോശപ്പെട്ട ഒന്നല്ല.
അബ്ബാസിന്റെ പിതാവും കൃഷിക്കാരനായിരുന്നു. പ്രവാസം വിട്ടെത്തിയ അബ്ബാസ് കൈവശമുള്ള സാമ്പാദ്യവും കടം വാങ്ങിയും കൃഷിയിറക്കി. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ പാട്ടത്തിനാണ് കൃഷിയാരംഭിച്ചത്. അര ഏക്കറിലായിരുന്നു നെൽകൃഷി തുടങ്ങിയത്.
ഇന്ന് 56 ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. നെൽകൃഷി വിളവെടുത്തിന് ശേഷമുള്ള ഇടവേളകളിൽ തണ്ണിമത്തൻ, കൂവ്വ, മഞ്ഞൾ, പച്ചമുളക്ക്, ഷമാം തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ റമദാൻ കാലത്ത് 10 ടൺ തണ്ണിമത്തനാണ് അബ്ബാസ് ഉൽപാദിപ്പിച്ചത്. ഏഴ് വർഷത്തെ കഠിനധ്വാനത്തിൽ ഒരു ട്രാക്കടറും, രണ്ട് കൊയ്ത്ത് മെഷീനും അബ്ബാസ് വാങ്ങി. ഇതിനുപുറമെ അഞ്ചേക്കർ പാടവും സ്വന്തമാക്കി. പാലക്കാട് ഉൾപ്പെടെ മറ്റു ജില്ലകളിൽ കൊയ്ത്ത് മെഷീനുമായി അബ്ബാസ് പോകാറുണ്ട്. എടപ്പാൾ പഞ്ചായത്തിൽ മികച്ച കർഷകനായും അബ്ബാസിനെ തെരഞ്ഞെടുത്തു. 2017ലാണ് കുവൈറ്റിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
മൂന്ന് മക്കളും ഭാര്യയും അടങ്ങുന്നതാണ് അബ്ബാസിന്റെ കുടുംബം. ഇവരും സഹായിയായി ഒപ്പമുണ്ട്. കൃഷി വകുപ്പിൽനിന്നും മികച്ച പിന്തുണയുണ്ടെന്ന് അബ്ബാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.