വിഷുവിന് കണികാണാൻ കൃഷ്ണൻ ഒരുക്കുന്നു, ജീവസുറ്റ കണ്ണന്‍റെ ശിൽപങ്ങൾ
text_fieldsഎടപ്പാൾ: വിഷുവിന് കണികാണാൻ എടപ്പാൾ വെങ്ങിനിക്കര സ്വദേശി കൃഷ്ണന്‍റെ കരവിരുതിൽ വിരിയുന്നത് ജീവസുറ്റ കണ്ണന്‍റെ ശിൽപങ്ങൾ. 15 വർഷത്തിലധികമായി വിഗ്രഹനിർമാണം തൊഴിലാക്കിയ കുഞ്ഞുമണി എന്ന കോട്ടപറമ്പിൽ കൃഷ്ണൻ പണിത കണ്ണന്‍റെ ശിൽപങ്ങളാണ് പല വീടുകളുടെ പൂജാമുറികളിൽ ഇന്നും സ്ഥാനം പിടിച്ചിട്ടുള്ളത്.
പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് കൃഷ്ണൻ ശിൽപങ്ങൾക്ക് രൂപം നൽകുന്നത്. കോയമ്പത്തൂരിൽനിന്നാണ് പേപ്പർ പൾപ്പ് എത്തിക്കുന്നത്. ബാക്കി അസംസ്കൃത വസ്തുക്കൾ തൃശൂരിൽനിന്ന് ശേഖരിക്കും. ഗണപതി, ലക്ഷ്മിദേവി, കണ്ണന്‍റെ പല വലിപ്പത്തിലുമുള്ള ശിൽപങ്ങൾ എന്നിവ കൃഷ്ണൻ നിർമിക്കാറുണ്ട്. പേപ്പർ പൾപ്പ് ഉപയോഗിച്ച് മോൾഡിൽ തയാറാക്കുന്ന ശിൽപങ്ങൾ അവസാനവട്ട പ്രവൃത്തികൾ നടത്താൻ മൂന്നുദിവസം വേണ്ടിവരും. ചെറുത് മുതൽ അഞ്ചടിയോളം വരുന്ന ശിൽപങ്ങൾവരെ കൃഷ്ണൻ തയാറാക്കാറുണ്ട്. 150 രൂപ മുതൽ 3500 രൂപ വരെയാണ് വില.
വിഷു സീസണിൽ ശിൽപങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ക്ഷേത്രങ്ങൾ, ഖാദി ബോർഡ്, ഗാന്ധിഭവൻ ഇന്നിവിടങ്ങളിൽ ഇദ്ദേഹത്തിന്‍റെ ശിൽപങ്ങൾ ലഭിക്കും. പുറമേ ഇ.എം.എസ്, മദർ തെരേസെ തുടങ്ങിയവരുടെ ശിൽപങ്ങളും നിർമിച്ചിട്ടുണ്ട്. കോൺക്രീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതിമ നിർമിക്കുന്നതിന്‍റെ പണിപുരയിലാണിദ്ദേഹം. 65 വയസ്സ് പിന്നിട്ട ഇദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് കുറച്ച് കാലം ശിൽപ നിർമാണം നിർത്തിവെച്ചെങ്കിലും ഇപ്പോൾ വീണ്ടും സജീവമാണ്. പിന്തുണയുമായി ഭാര്യയും മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.