എടപ്പാളിൽ റൗണ്ട് എബൗട്ടിൽ പടക്കം പൊട്ടിച്ച സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsഎടപ്പാൾ: മേൽപാലത്തിന് താഴെയുള്ള റൗണ്ട് എബൗട്ടിന് മുകളിൽവെച്ച് അപകടകരമായ രീതിയിൽ പടക്കം പൊട്ടിച്ചതിന് പിടിയിലായവരുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
പൊന്നാനി വെളിയങ്കോട് അയ്യോട്ടിചിറ സ്വദേശി കരിക്കലകത്ത് ജംഷീർ, പള്ളപ്രം സ്വദേശി കോയിമ്മവളപ്പിൽ വിഷ്ണു എന്നിവരുമായാണ് അന്വേഷണസംഘം എടപ്പാളിൽ തെളിവെടുപ്പ് നടത്തിയത്. റൗണ്ട് എബൗട്ട്, പടക്കക്കട എന്നിവിടങ്ങളിലാണ് ഇവരെ എത്തിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 50 രൂപ വിലയുള്ള ഒരു ഗുണ്ടാണ് വാങ്ങിയതെന്ന് ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ടൗണിലുണ്ടായിരുന്ന സി.സി.ടി.വി കാമറയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും ഇവർ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ ലഭിച്ചിരുന്നില്ല. ഇതിനിടെ പടക്കം പൊട്ടിച്ചവരിൽ ഒരാളായ വിഷ്ണുവിന്റെ മൊബൈലിൽ റീചാർജ് ചെയ്ത കടയിൽനിന്ന് പൊലീസ് ഫോൺ നമ്പർ ശേഖരിച്ചു. തുടർന്ന് പള്ളപ്രത്തെ വീട്ടിൽനിന്ന് വിഷ്ണുവിനെയും വെളിയങ്കോട് അയ്യോട്ടിചിറയിലുള്ള വീട്ടിൽനിന്ന് ജംഷീറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരൂർ ഡിവൈ.എസ്.പി വി.പി. ബെന്നി, ചങ്ങരംകുളം എസ്.ഐ ആർ. രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
പൊതുമുതൽ നശിപ്പിച്ചതിനെതിരെയും ഭീതി പരത്തുന്ന നിലയിൽ പൊതുസ്ഥലത്ത് സ്ഫോടകവസ്തു ഉപയോഗിച്ചതിനെതിരെയുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്.പി വി.പി. ബെന്നി പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെയും ജംഷീറിനെയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.