സംഘർഷം ഭയന്നോടി യുവാവിന് പരിക്കേറ്റ സംഭവം: പത്തുപേർക്കെതിരെ കേസ്
text_fieldsഎടപ്പാൾ: സി.ഐ.ടി.യു പ്രവർത്തകർ ആക്രമിക്കുമെന്ന് കരുതി ഭയന്നോടി കെട്ടിടത്തിൽനിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ പത്തു പേർക്കെതിരെ കേസ്.
വിഷയത്തിൽ ആദ്യം നിസ്സംഗത പാലിച്ച പൊലീസ് പിന്നീട് കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേസമയം, സി.ഐ.ടി.യു നടപടിക്കെതിരെ സംഘടനക്കുള്ളിൽതന്നെ വിമർശനം ശക്തമായി. സംസ്ഥാനത്ത് പല സമയത്തായി നോക്കുകൂലി വിഷയത്തിൽ പ്രതിക്കൂട്ടിലായ സി.ഐ.ടി.യു യൂനിയൻ തിരുത്താൻ തയാറാകാതെ മുന്നോട്ടുപോകുകയാണെന്ന് വിമർശനമുയർന്നു.
എടപ്പാൾ പട്ടാമ്പി റോഡിൽ ആശുപത്രിപ്പടിക്കു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയതിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം രാത്രി തൊഴിലാളികളും സി.ഐ.ടി.യു പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായത്. യൂനിയൻകാർ ആക്രമിക്കാൻ എത്തിയതാണെന്നു കരുതി ഭയന്നോടിയ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനാണ് അഞ്ചാം നിലയിലെ കെട്ടിടത്തിൽനിന്ന് അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്കു വീണ് ഇരുകാലുകൾക്കും പരിക്കേറ്റത്.
രാത്രിയിലെത്തിയ ലോഡ് ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് സ്വയം ഇറക്കാൻ തയാറായതെന്നാണ് തൊഴിലാളികൾ പറയുന്നത്. മുഴുവൻ കൂലിയും സി.ഐ.ടി.യുക്കാർക്ക് കൊടുക്കാൻ തയാറായെങ്കിലും ചുമട്ടുതൊഴിലാളികൾ അംഗീകരിച്ചില്ലെന്നാണ് കെട്ടിട ഉടമയും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.