ജൽ ജീവൻ മിഷൻ: ടാങ്കുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു
text_fieldsഎടപ്പാൾ: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടപ്പാൾ കെ.എസ്.ആർ.ടി.സി കുന്നിൽ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റ്യൂട്ടിന് സമീപം നിർമിക്കുന്ന ടാങ്കുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ട് ജലസംഭരണികളാണ് നിർമിക്കുന്നത്.
വട്ടംകുളം, നന്നംമുക്ക്, ആലങ്കോട് ഗ്രാമപഞ്ചായത്തുകളിലെ ജലവിതരണത്തിന് 33 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കും, എടപ്പാൾ, കാലടി ഗ്രാമപഞ്ചായത്തുകളിലെ ജലവിതരണത്തിനായി 38 ലക്ഷം വെള്ളം സംഭരിക്കാവുന്ന ടാങ്കുമാണിത്. 38 ലക്ഷം വെള്ളം കൊള്ളുന്ന ടാങ്ക് ഗ്രൗണ്ട് ലെവൽ വാട്ടർ സപ്ലൈ സിസ്റ്റത്തിലും 33 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് ഓവർ ഹെഡ് ലെവൽ സിസ്റ്റത്തിലുമാണ് പ്രവർത്തിക്കുന്നത്. ഓരോ പഞ്ചായത്തുകളിലേക്കും രണ്ട് സോണുകൾ വീതമാണുള്ളത്.
കണ്ടനകത്ത് നിർമിക്കുന്ന ടാങ്കിൽനിന്നും ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കാൻ കോക്കൂരിലും നന്നംമുക്കിലും പ്രത്യേക ടാങ്കുകൾ നിർമിച്ച് വെള്ളം എത്തിച്ച ശേഷമാണ് വിതരണം നടത്തുക. ചമ്രവട്ടത്തുനിന്നുമാണ് ഈ ടാങ്കുകളിലേക്ക് വെള്ളം എത്തിച്ച് വിതരണം നടത്തുക.
പ്രദേശത്തെ മരങ്ങൾ മുറിച്ച് നീക്കാനും പാറകൾ നീക്കം ചെയ്യാനുമുണ്ടായ കാലതാമസമാണ് പദ്ധതികൾക്കുണ്ടായതെങ്കിലും ആറുമാസം കൊണ്ട് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ജലക്ഷാമം നേരിടുന്ന ഒട്ടുമിക്ക മേഖലകളിലും ശുദ്ധജലം എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.