ഓർമകളിൽ പിടഞ്ഞ് കമറുദ്ദീൻ
text_fieldsഎടപ്പാൾ: നജീബിന്റെ ‘ആടുജീവിതം’ ബെന്യാമിന്റെ അക്ഷരങ്ങളിലൂടെ വായിച്ചറിഞ്ഞപ്പോൾ കമറുദ്ദീന് ഉള്ളിലെരിഞ്ഞ കനൽ വെറുമൊരു വായനാനുഭവത്തിന്റേതായിരുന്നില്ല. ദൈവദൂതനെപ്പോലെ വന്നെത്തിയ ബന്ധു പുറംലോകത്തേക്ക് വാതിൽ തുറന്നുതരുംവരെ അനുഭവിച്ചുതീർന്ന ദുരിതപർവത്തിന്റെ ഓർമകൾക്ക് മണലാരണ്യത്തിലെ ചുടുകാറ്റിനേക്കാൾ തീക്ഷ്ണതയുണ്ട്. ആ വെളിച്ചം വരാതിരുന്നെങ്കിൽ താൻ എന്നേക്കുമായി അടഞ്ഞുപോകുമായിരുന്ന ഇരുളിനെക്കുറിച്ചുള്ള ഭീതിയിലാണ് ഓരോ അക്ഷരങ്ങളിലും അയാൾ ഉരുകിയില്ലാതെയായത്.
വളയംകുളം അത്താണിപറമ്പിൽ അലി അഹമ്മദിന്റെ ഒമ്പത് മക്കളിൽ മൂത്തയാളായ കമറുദ്ദീൻ സഹോദരിമാരുടെ വിവാഹമുൾപ്പെടെ കുടുംബ പ്രാരാബ്ധങ്ങൾ തീർക്കാനാണ് 22ാം വയസിൽ വിമാനം കയറുന്നത്. 1992ൽ ബന്ധുവിന്റെ സുഹൃത്ത് വഴി ലഭിച്ച വിസയിലാണ് വിദേശത്ത് പോകുന്നത്. അന്ന് മലയാളമല്ലാതെ ഒരു ഭാഷയും പിടിയില്ല. മുംബൈയിൽനിന്ന് കയറിയ വിമാനമിറങ്ങിയത് റിയാദ് എയർപോർട്ടിൽ. കുറച്ചുദിവസം പരിചയക്കാർക്കൊപ്പം താമസിച്ച കമറുദ്ദീനെ പുതിയ ജോലിയുണ്ടെന്ന് പറഞ്ഞ് ഒരാൾ കൊണ്ടുപോയി.
ആദ്യം കഫീലിന്റെ വീട്ടിൽ ആടുകളെയും ഒട്ടകങ്ങളെയും പരിചരിക്കാൻ തുടങ്ങി. പിന്നീട് ടൗണിൽനിന്ന് ഏറെ അകലെയുള്ള മരുഭൂമിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഒരു ഷെഡ്ഡിന് കീഴിലായിരുന്നു ആടിനും ഒട്ടകത്തിനുമൊപ്പം ഒരു വർഷത്തോളമം ജീവിതം. ഇതിനുപുറമേ കഫീലിന്റെ ക്രൂരമായ പെരുമാറ്റവും.
അതിശൈത്യത്തിലും ഒന്ന് പുതച്ചുറങ്ങാൻ പോലുമാകാത്ത ജീവിതം. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം ഉപയോഗിച്ചിരുന്നത് കഫീൽ കാണാതെ. മരുഭൂമിയിലെ വിഷമുള്ള തേളായിരുന്നു പേടിസ്വപ്നം. ആരുമായും ഒരു ബന്ധമില്ലാത്ത, ജീവിതത്തിൽ എല്ലാ വഴികളും അടഞ്ഞെന്നുറപ്പിച്ച അവസ്ഥ.
ഒടുവിൽ കമറുദ്ദീനെ കണ്ടെത്തിയ ബന്ധുവാണ് അർധരാത്രി രക്ഷപെടുത്തിയത്. പിന്നീട് വിസയില്ലാതെ കുറച്ചുകാലം സൗദി അറേബ്യയിൽ ജോലി ചെയ്തെങ്കിലും ഒടുവിൽ പിടികൂടി ജയിലിൽ അടച്ചു. ഇന്ത്യയിൽ പ്ലേഗ് രോഗം പടർന്നത് കാരണം കുറച്ചധികം കാലം ജയിലിൽ കഴിയേണ്ടിവന്നു. ഒടുവിൽ മോചനത്തിന് വഴിതെളിഞ്ഞു. ഡൽഹിയിലെത്തി. പത്തുവർഷം മുമ്പ് ‘ആടുജീവിതം’ പുസ്തകം വായിച്ചപ്പോഴാണ് തന്റെ അനുഭവങ്ങളിലൂടെ അതിലേറെ തീക്ഷ്ണതയോടെ കടന്നുപോയവർ വേറെയുമുണ്ടെന്ന് മനസിലാക്കുന്നത്. നോമ്പ് കഴിഞ്ഞാലുടൻ ‘ആടുജീവിതം’ സിനിമ കാണാനിരിക്കുകയാണ് എടപ്പാളിൽ കട നടത്തുന്ന കമറുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.