ഖലാസികൾ കൈകോർത്തു; മണ്ണുമാന്തി യന്ത്രം കരതൊട്ടു
text_fieldsഎടപ്പാൾ (മലപ്പുറം): യന്ത്രം തോറ്റപ്പോൾ, മനുഷ്യ അധ്വാനത്തിനൊടുവിൽ ചളിയിൽ താഴ്ന്ന ജെ.സി.ബി കരക്കെത്തിച്ചു. ശനിയാഴ്ച്ച രാത്രി 11.30 ഓടെയാണ് എടപ്പാൾ കണ്ണേകായലിൽ ചളിയിൽ നിന്ന്മ ണ്ണുമാന്തി യന്ത്രം കരക്കെത്തിച്ചത്. 23 ദിവസം മുമ്പാണ് പുഞ്ചകൃഷിക്ക് വെള്ളമെത്തിക്കുന്ന തോട് വീതികൂട്ടാൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയത്.
ചളിയിലമർന്ന യന്ത്രം പഠിച്ച പണികളെല്ലാം നോക്കിയിട്ടും കര കയറ്റാനാവാതെ വന്നപ്പോഴാണ് വൈക്കത്തുള്ള ഖലാസികളെത്തിയത്. പഴയ കാലത്ത് എണ്ണയാട്ടുന്നതിനുപയോഗിച്ചിരുന്ന ചക്കുപോലുള്ള ഉപകരണം കരയിലുറപ്പിച്ചശേഷം ജെ.സി.ബിയുമായി ബന്ധിച്ച് പതിനഞ്ച് പേരടങ്ങുന്ന സംഘം കരക്കെത്തിച്ചു.
പാടത്തെ ചളിയിൽ 20 അടിയോളം താഴ്ച്ചയിലായിരുന്നു മണ്ണുമാന്തി യന്ത്രം കിടന്നിരുന്നത്. 11 ദിവസത്തെ ഖലാസികളുടെ പരിശ്രമത്തിനൊടുവിലാണ് ദൗത്യം വിജയിച്ചത്. രാപ്പകൽ അധ്വാനത്തിലാണ് കരയിൽനിന്ന് 700 മീറ്റർ അകലെയുള്ള മണ്ണുമാന്തി യന്ത്രം വലിച്ചെത്തിച്ചത്.
കൊയ്ത്തുകഴിഞ്ഞാൽ എല്ലാവർഷവും ഇവിടെയുള്ള കർഷകർ പുതുപ്പറമ്പിൽ ബാലെൻറ നേതൃത്വത്തിൽ തോടെല്ലാം വീതികൂട്ടിയിടും. അടുത്ത കൃഷിയാകുമ്പോഴേക്കും വെള്ളമെത്തിക്കാനുള്ള സൗകര്യമൊരുക്കാനാണിത്. ഈ വർഷവും ഇതുപോലെ പണിയാരംഭിച്ചു.
രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും മണ്ണുമാന്തി യന്ത്രം ചളിയിൽ താഴ്ന്നു. പട്ടാമ്പിക്കാരനായ ഉടമ സി.പി. ഹക്കീമും കർഷകരും ചേർന്ന് പല പണികളും ചെയ്ത് പൊക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ന്യൂനമർദം വന്നത്. ഇതോടെ വെള്ളംപൊങ്ങി ഒന്നാകെ മുങ്ങി. വലിയ രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടു വന്ന് പൊക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് ഖലാസികളെ കൊണ്ടുവന്നത്. രണ്ട് ലക്ഷം രൂപയോളം ചെലവ് വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.