പ്രവാസത്തിന് വിട; പശു ഫാമിലൂടെ പുതുജീവിതം കണ്ടെത്തി സുനിൽ കുമാർ
text_fieldsഎടപ്പാൾ : ജീവിതം മുൻകൂട്ടി എഴുതാൻ കഴിയാത്ത തിരക്കഥയാണ് എന്ന വാചകത്തിന് അനർത്ഥമാണ് സുനിൽ കുമാറിന്റെ ജീവിതം. ലോകം മുഴുവൻ കോവിഡ് മഹാമാരി പ്രതിസന്ധി തീർത്തപ്പോൾ വിദേശത്തെ ജോലി നഷ്ടപ്പെട്ടാണ് സുനിൽ കുമാർ പട്ടേരി നാട്ടിൽ തിരിച്ചെത്തിയത്.
തുടർന്ന് ദീർഘകാലം നാട്ടിൽ നിന്നതോടെ തിരികെ പോകാനും സുനിലിന് മടിയായി. മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന് ചിന്തിച്ചു നിന്നപ്പോഴാണ് സുഹൃത്തിന്റെ നിർദ്ദേശപ്രകാരം രണ്ടുവർഷം മുമ്പ് പശുഫാം മേഖലയിലേക്ക് തിരിഞ്ഞത്.
ആദ്യവർഷം ഒരു പശുവിൽനിന്ന് തുടങ്ങി പടിപടിയായി ഉയർത്തി. ഇന്ന് സുനിലിന്റെ ഫാമിൽ ഇരുപതോളം പശുക്കളുണ്ട്.
നല്ല ശ്രദ്ധ നൽകിയാൽ മികച്ചൊരു വരുമാന മാർഗമാണ് പശു വളർത്തലെന്ന് ഈ യുവാവ് പറയുന്നു. ആവശ്യമായ അടിസ്ഥാന ഒരുക്കം നടത്തിയില്ലെങ്കിൽ പരാജയം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. ചാലിശ്ശേരിയിലാണ് സുനിൽ ഫാം ആരംഭിച്ചത്. ഫാം തുടങ്ങുന്നതിന് മുമ്പ് തീറ്റപ്പുൽ കൃഷിയും ആരംഭിച്ചിരുന്നു.
പെരുമ്പടപ്പ് ബ്ലോക്കിന്റെ സഹകരണത്തോടെയാണ് പശുഫാം നടത്തുന്നത്. പന്താവൂർ സൊസൈറ്റിയിലാണ് പാൽ നൽകുന്നത്. പാലിൽ നിന്നുള്ള വരുമാനത്തിന് പുറമേ ദിവസവുമുള്ള ചാണകവും ഉണക്കിപൊടിച്ച് വിൽപന നടത്തുന്നുണ്ട്.
140 ചാക്ക് ചാണകം മാസം വിൽപന നടത്തും. ഇതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് രണ്ട് പണിക്കാർക്ക് കൂലി നൽകുന്നത്. മൃഗാശുപത്രി അധികൃതരിൽ നിന്നും സർക്കാരിൽ നിന്നും എല്ലാവിധ സഹകരണവും ലഭിക്കാറുണ്ടെന്നും സുനിൽ പറയുന്നു. നന്നംമുക്ക് കാഞ്ഞിയൂർ സ്വദേശിയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.