ഇടത്-വലത് സ്വാധീന മേഖലകളിൽ ബി.ജെ.പി
text_fieldsഎടപ്പാൾ: ഇടത്-വലതിന് സ്വാധീനമുള്ള ബൂത്തുകളിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായിയത് എൽ.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയായി.
എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം ഉയർന്നതാണ് മുന്നണികൾക്ക് ക്ഷീണമായത്. എടപ്പാൾ പഞ്ചായത്തിലെ തട്ടാൻപടി, പൊന്നാഴിക്കര, തുയ്യം, വെങ്ങിനിക്കര, കോലത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ബൂത്തുകളിൽ ഒന്ന്, രണ്ട് സ്ഥാനത്തേക്ക് ബി.ജെ.പി കടന്നു. സി.പി.എം വാർഡ് അംഗങ്ങളുള്ള തുയ്യം പ്രദേശത്തെ 117-ാം ബൂത്തിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തും 119ൽ രണ്ടാം സ്ഥാനത്തും എത്തി. എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പ്രദേശമാണിത്. യു.ഡി.എഫിന് വ്യക്തമായ സ്വാധീനമുള്ള പൊന്നാഴിക്കരയിൽ 120ാം ബൂത്തിൽ ബി.ജെ.പി ഒന്നാം സ്ഥാനത്ത് എത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ ബൂത്താണിത്. കോൺഗ്രസ് വിജയിച്ച തട്ടാൻപടി വാർഡിലെ 118 ബൂത്തിൽ ബി.ജെ.പി ഒന്നാമതെത്തി.
118ൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെങ്ങിനിക്കര 126ലും കോലത്ത് 136ലും ബി.ജെ.പി ഒന്നാമതാണ്. കോലത്ത് സി.പി.എം മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു. ബി.ജെ.പിക്ക് സ്വാധീനമുള്ള തറക്കൽ, പെരുമ്പറമ്പ് പ്രദേശത്ത് ബി.ജെ.പി ലീഡ് ഉയർത്തി. വട്ടംകുളം പഞ്ചായത്തിൽ സി.പി.എമ്മിന് സ്വാധീനമുള്ള ചുങ്കം വാർഡ് ഉൾപ്പെടുന്ന 98 നമ്പർ ബൂത്തിൽ ബി.ജെ.പി ഒന്നാം സ്ഥാനത്ത് എത്തി. അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പ്രദേശമാണിത്. ഇവിടെ എൽ.ഡി.എഫ് രണ്ടും യു.ഡി.എഫ് മൂന്നിലും എത്തി.
ബി.ജെ.പിക്ക് സ്വാധീനമുള്ള എരുവപ്ര മേഖലയിലെ 103 നമ്പർ ബൂത്തിൽ യു.ഡി.എഫ് ലീഡ് ചെയ്തു. കാലടി പോത്തനൂരിൽ 79 ബൂത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തി. അണക്കാംമ്പാട് 88 നമ്പർ ബൂത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. തവനൂരിൽ മുവ്വാങ്കര ഉൾപെടുന്ന 63 നമ്പർ ബൂത്തിൽ ബി.ജെ.പി ഒന്നാം സ്ഥാനത്ത് എത്തി. സി.പി.എം മൂന്നിലേക്ക് പിന്തള്ളപെട്ടു. തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡ് ഉൾപ്പെടുന്ന ബൂത്തിലാണ് ബി.ജെ.പി മുന്നേറിയത്. എൻ.ഡി.എക്ക് എടപ്പാൾ പഞ്ചായത്തിൽ ആകെ 5225ഉം വട്ടംകുളത്ത് 4487ഉം കാലടി 2634ഉം തവനൂരിൽ 3212ഉം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തവനൂർ മണ്ഡലത്തിൽ എൻ.ഡി.എക്ക് 9914 വോട്ടാണ് ലഭിച്ചത് ഇത്തവണ 24,014 വോട്ടാക്കി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.