കടമുറികളുടെ വാടക തരുന്നില്ല: നീതിതേടി വയോധിക സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചു
text_fieldsഎടപ്പാൾ: നീതിതേടി വയോധിക സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചു. നടുവട്ടം ഇക്കൂരത്ത് വളപ്പിൽ ആമിനുവാണ് (68) മാനസിക പീഡനം സഹിക്കാനാവാതെ പരാതിയുമായി പൊലീസ് മേധാവിയെ സമീപിച്ചത്.
നടുവട്ടത്തെ വീടിനോട് ചേർന്ന രണ്ടുകടമുറികൾ വാടകക്ക് നടത്തിയിരുന്നവർ നിയമവിരുദ്ധമായി പലരേഖകളുണ്ടാക്കി തങ്ങളുടേതാണെന്ന് പറഞ്ഞ് പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് പരാതി. വാടക ചോദിക്കുമ്പോൾ വയോധികയായ തന്നെ ഫോണിൽ വിളിച്ച് വക്കീലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
26 വർഷം മുമ്പ് ഭർത്താവ് മരിച്ചതിനുശേഷം കുടുംബത്തിന്‍റെ ഏക ജീവിതമാർഗമാണ് ഇല്ലാതാക്കിയതെന്ന് ആമിനു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് തന്‍റെ പേരിൽ അനുവദിച്ച ലൈസൻസിൽ കൃത്രിമം കാട്ടിയതായും പരാതിയിലുണ്ട്. കച്ചവടം നടത്തിയിരുന്നവർക്ക് മുറികളുടെതായി എന്തെങ്കിലും അവകാശമുണ്ടെങ്കിൽ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും അവർ ഹാജരായില്ലെന്ന് പരാതിയിലുണ്ട്.
ചങ്ങരംകുളം പൊലീസിൽ മൂന്നുതവണ പരാതി നൽകിയിട്ടും പരിഹാരമാകാതായതോടെയാണ് ആമിനു പൊലീസ് മേധാവിയെ പരാതിയുമായി സമീപിച്ചത്. അന്വേഷണം നടത്താൻ തിരൂർ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായി പരാതിക്കാരിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.