പൊൽപ്പാക്കരയിൽ എന്ന് ഉയരും ഫ്ലാറ്റ്?
text_fieldsഎടപ്പാൾ: സ്ഥലവും വീടുമില്ലാത്ത കുടുംബങ്ങൾ പൊൽപ്പാക്കരയിൽ ഫ്ലാറ്റ് ഉയരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കിടപ്പാടമില്ലാത്ത അർഹതപ്പെട്ട 65 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കാനായി പൊൽപ്പാക്കരയിൽ 1.43 ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് വയലോരത്ത് വാങ്ങിയിരുന്നു.
പഞ്ചായത്തിൽ സ്ഥലവും വീടുമില്ലാത്ത 30 പേരെ ഫ്ലാറ്റിലേക്ക് മാറ്റാനായിരുന്നു ലക്ഷ്യം. പിന്നീട് അത് 65 പേരാക്കി ലൈഫ് മിഷന് കൈമാറി അംഗീകാരം നേടി. ഇതിൽ പലരും മരിച്ചു. പലർക്കും മറ്റു വീടുകളായി. വർഷങ്ങളോളം അനക്കമില്ലാതെ കിടന്ന പദ്ധതിക്ക് ഒരു വർഷം മുമ്പാണ് കോവിഡ് കാലത്ത് സഹകരണ വകുപ്പാരംഭിച്ച കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടി രൂപ വകയിരുത്തിയത്. പഞ്ചായത്ത് തയാറാക്കിയ പട്ടികയിലെ അർഹർക്കായി 40 വീടുകൾ ആദ്യഘട്ടത്തിൽ നിർമിക്കാനായിരുന്നു തീരുമാനം. ഊരാളുങ്കലിന് നിർമാണച്ചുമതലയും നൽകി. പ്രോജക്ടും പ്ലാനും തയാറാക്കി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളിൽ വേഗതയില്ല.
കുടിവെള്ള പൈപ്പ് ലൈൻ നീട്ടൽ, വൈദ്യുതിക്കായി ത്രീഫേസ് ലൈൻ, ബാഡ്മിന്റൺ കോർട്ട്, ആരോഗ്യ കേന്ദ്രം, വായനശാല, സാംസ്കാരിക കേന്ദ്രം എന്നിവയെല്ലാം വിഭാവനം ചെയ്ത പദ്ധതിയാണിത്.
ഫ്ലാറ്റ് നിർമിക്കുന്ന ഭൂമിയിലേക്ക് വഴിയില്ലാത്തതായിരുന്നു പദ്ധതിക്ക് ആദ്യം തടസ്സമായത്. വഴി വരണമെങ്കിൽ വയൽ നികത്തണമായിരുന്നു. റവന്യൂ വകുപ്പ് അനുവദിക്കാത്തതിനാൽ സർക്കാരിന്റെ പ്രത്യേകാനുമതിക്ക് വർഷങ്ങളെടുത്തു. അപ്പോഴേക്കും റോഡ് നിർമാണത്തിന് തദ്ദേശവകുപ്പും ഇറിഗേഷൻ വകുപ്പും തമ്മിലുണ്ടായിരുന്ന കരാർ കാലാവധി കഴിഞ്ഞു. അതു പുതുക്കിയാണ് പിന്നീട് പാതയുടെ പണിയാരംഭിച്ചത്.
ഫ്ലാറ്റ് കിട്ടി അതിൽ ജീവിക്കാമെന്നു വിചാരിച്ചവരിൽ പലരും ഇന്ന് മരണത്തിന് കീഴടങ്ങി. മറ്റുള്ളവർ വീടിന് മറ്റുവഴികൾ തേടി.
ശേഷിക്കുന്നവർ എല്ലാം ശരിയാവുമെന്ന വിശ്വാസവുമായി വാടകവീടുകളിലും കൂരകളിലും പെരുവഴിയിലുമായി കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.