എടപ്പാൾ സി.പി.എമ്മിൽ ആഭ്യന്തര കലഹം പുകയുന്നു
text_fieldsഎടപ്പാൾ: പാർട്ടി ജോലിയും സെക്രട്ടറി സ്ഥാനവും ഒരുമിച്ച് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിൽ ഒരു വിഭാഗം രംഗത്ത്. ഒടുവിൽ ലോക്കൽ സെക്രട്ടറിമാരെ മാറ്റി. എടപ്പാൾ സി.പി.എം ഏരിയ കമ്മിറ്റി പരിധിയിൽ സഹകരണ ബാങ്ക് ജോലിക്കൊപ്പം ലോക്കൽ സെക്രട്ടറി സ്ഥാനവും വഹിക്കുന്നതിരെ ഒരു വിഭാഗം ജില്ല നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടപ്പാൾ ലോക്കൽ സെക്രട്ടറിയായിരുന്ന പി.പി. ബിജോയ്, ചുങ്കം ലോക്കൽ സെക്രട്ടറി എസ്. സുജിത് എന്നിവരെയാണ് മാറ്റിയത്.
പുതിയ എടപ്പാൾ ലോക്കൽ സെക്രട്ടറിയായി കെ. വിജയനെയും ചുങ്കം ലോക്കൽ സെക്രട്ടറിയായി വി.വി. കുഞ്ഞിമുഹമ്മദിനെയും തെരഞ്ഞെടുത്തു. ചുങ്കം ലോക്കൽ കമ്മിറ്റിയിൽ നിരവധി നേതാക്കൾ ഉണ്ടായിട്ടും നന്നംമുക്ക് സ്വദേശിയും ഏരിയ കമ്മറ്റിയംഗവുമായ വി.വി. കുഞ്ഞിമുഹമ്മദിനെ ലോക്കൽ സെക്രട്ടറിയാക്കിയതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.
ചുങ്കം ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് സി.ഐ.ടി.യു നേതാവിന്റെ പേര് സജീവമായിരുന്നെങ്കിലും വിഭാഗീയത ശക്തമാകുമെന്ന് കണ്ട് ഒടുവിൽ ഏരിയ നേതൃത്വം വി.വി. കുഞ്ഞിമുഹമ്മദിനെ നിശ്ചയിക്കുകയായിരുന്നു. മുതിർന്ന നേതാക്കൾ പങ്കെടുത്ത ചുങ്കം ലോക്കൽ കമ്മിറ്റി യോഗത്തിൽനിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. പിന്നീട് നേതൃത്വം ഇവരെ അനുനയിപ്പിച്ചു.
എടപ്പാൾ ഏരിയ സെന്‍ററിലേക്ക് പല നേതാക്കളെയും താഴഞ്ഞതായും ആക്ഷേപമുണ്ട്. മുൻ ഏരിയ സെക്രട്ടറി മുസ്തഫ, അഡ്വ. പി.പി. മോഹൻദാസ് എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ഏരിയ സെന്ററിൽ ഇടം ലഭിച്ചില്ല. കുറച്ച് മുമ്പ് കാലടി പഞ്ചായത്തിലെ 15 വാർഡിലെ തോൽവിയെ തുടർന്ന് അന്വേഷണ കമീഷനെ നിയമിച്ച് രണ്ട് യുവ നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
കമീഷന്റെ കണ്ടെത്തലിനെതിരെ വിമർശനം ഉയർന്നിരുന്നു. സമ്മേളനത്തിന് ശേഷം എടപ്പാൾ ഏരിയ പരിധിയിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.