ഗ്രാമവണ്ടിക്കായി നാടൊന്നിച്ചു; വട്ടകുളം പഞ്ചായത്തിൽ റോഡ് വീതി കൂട്ടൽ യാഥാർഥ്യമായി
text_fieldsഎടപ്പാൾ: റോഡ് നന്നാക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചതോടെ വട്ടകുളം ഗ്രാമപഞ്ചായത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടിക്ക് ഇനി സർവീസ് നടത്താം. പഞ്ചായത്തിലേക്ക് ഗ്രാമവണ്ടി അനുവദിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു. പക്ഷേ സർവീസ് നടത്തണമെങ്കിൽ റോഡിന്റെ വീതി കൂട്ടണം.
ചിറ്റഴിക്കുന്ന് - കക്കിടിപ്പുറം റോഡ് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ വലിയ പ്രയാസമായിരുന്നു. ഈ റോഡിന്റെ വീതി കൂട്ടിയാൽ മാത്രമേ സർവീസ് യാഥാർഥ്യമാകുവെന്ന സാഹചര്യം. ഒടുവിൽ നാടിനായി കക്ഷി രാഷ്ട്രീയ അതീതമായി നാടൊന്നിച്ചു.ഇതോടെ വർഷങ്ങളായുള്ള ചിറ്റഴിക്കുന്ന്- കക്കിടിപ്പുറം റോഡ് വികസനമെന്ന ആവശ്യത്തിനാണ് പരിഹാരമാകുന്നത് .
പ്രദേശവാദികളും പഞ്ചായത്തും സംയുക്തമായാണ് റോഡ് വികസനം നടപ്പിലാക്കുന്നത്. ഒരു കിലോമീറ്ററോളം റോഡ് വീതി കൂട്ടുക എന്നത് പ്രായോഗികമായിരുന്നില്ല കാരണം റോഡിന്റെ ഇരു വശങ്ങളിലും മതിലുകൾ ഉള്ളതിനാലും സ്വകാര്യ വ്യക്തികളുടെ സ്ഥലമായിരുന്നതിനാലും ആവശ്യമായ ഭൂമി വിട്ടു കിട്ടിയിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെയും, വാർഡ്മെമ്പർമാരുടെയും നേതൃത്വത്തിൽ സർവ്വ കക്ഷി യോഗം വിളിക്കുകയും യോഗത്തിൽ വികസനത്തിന് വേണ്ടി ഒരുമിച്ചിറങ്ങാൻ തീരുമാനിക്കുകയുമായിരുന്നു.
റോഡിനു ഇരു വശങ്ങളിലും ഭൂമിയുള്ള വ്യക്തികളെ സർവ്വ കക്ഷി നേതാക്കൾ കാണുകയും അവർ സമ്മതമറിയിക്കുകയും ചെയ്തു. ഇതോടൊപ്പം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ജനകീയ വികസന കമിറ്റിയും രൂപീകരിച്ചു. നാടിന്റെ പൊതുവായ ആവശ്യത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകാൻ ഉടമകളും തയാറയി. ഇരു ഭാഗവും വീതി കൂട്ടിയാൽ ഇരു സൈഡും കോൺക്രീറ്റ് ചെയ്തു നൽകാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതോടെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് റോഡ് വികസനം സാധ്യമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.