എടപ്പാളിൽ പുനരാരംഭിച്ച സിഗ്നൽ സംവിധാനം കെ.ടി. ജലീൽ എം.എൽ.എ നിർത്തിവെപ്പിച്ചു
text_fieldsഎടപ്പാൾ: ബുധനാഴ്ച ടൗണിൽ പുനരാരംഭിച്ച സിഗ്നൽ സംവിധാനം കെ.ടി. ജലീൽ എം.എൽ.എ ഇടപെട്ട് നിർത്തിവെപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിഞ്ഞ ടൗണിൽ സിഗ്നൽ സംവിധാനം ആവശ്യമില്ലെന്ന പ്രചാരണങ്ങൾക്കിടെയാണ് ബുധനാഴ്ച മുതൽ കെൽട്രോൺ അധികൃതരെത്തി സിഗ്നൽ പ്രവർത്തിപ്പിച്ചത്.
എന്നാൽ, വൈകീട്ടോടെ ടൗൺ വഴി കടന്നുപോകുകയായിരുന്ന എം.എൽ.എ ട്രാഫിക് സിഗ്നലിൽ കുടുങ്ങി. തുടർന്ന് ക്ഷുഭിതനായ എം.എൽ.എ വാഹനത്തിൽനിന്ന് ഇറങ്ങി ശേഷം സിഗ്നൽ ഓണാക്കിയതിന് ട്രാഫിക് ഗാർഡിനു നേരെ തട്ടിക്കയറി. സിഗ്നൽ ഓണാക്കിയത് താനല്ലെന്ന് ട്രാഫിക് ഗാർഡ് വിശദീകരണം നൽകിയെങ്കിലും ടൗണിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്നു പറഞ്ഞ് അടിയന്തരമായി സിഗ്നൽ ഓഫ് ചെയ്യാൻ നിർദേശം നൽകി.
തുടർന്ന് ചങ്ങരംകുളം സി.ഐ ഇടപെട്ട് സിഗ്നൽ നിർത്തലാക്കി. മേൽപാലം ഉദ്ഘാടനത്തിനു മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ മാത്രമാണ് സിഗ്നൽ പ്രവർത്തിച്ചത്. ഇതിന് ശേഷം ബുധനാഴ്ചയാണ് പൂർണമായി സിഗ്നൽ പ്രവർത്തിക്കുന്നത്. 10 ലക്ഷം രൂപ ചെലവഴിച്ചാണ് ടൗണിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ, ഇത് പാഴായെന്നാണ് സ്ഥലം എം.എൽ.എതന്നെ പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ എടപ്പാൾ ടൗണിൽ സിഗ്നൽ സംവിധാനത്തിന്‍റെ ആവശ്യമില്ല. എന്നാൽ, ദീർഘവീക്ഷണത്തോടെ കാണാൻ അധികൃതർക്ക് ആയില്ല. അതിനാൽ, ലക്ഷങ്ങൾ ചെലവഴിച്ച സിഗ്നൽ സംവിധാനം നോക്കുകുത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.