എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം
text_fieldsഎടപ്പാൾ: എടപ്പാൾ ടൗണിൽ മേൽപാലത്തിന് താഴെ അടിമുടി മാറി. മേൽപാലത്തിന്റെ താഴെ പൊതുശുചിമുറികൾ, റൗണ്ട് എബൗട്ട്, കുടിവെള്ള കൗണ്ടർ, കോഫീ ഷോപ്പ്, സൗജന്യ ഭക്ഷണ കൗണ്ടർ എന്നിവ സ്ഥാപിച്ചു.എടപ്പാളിൽ രാപ്പകൽ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി എക്സ്റ്റൻഷനും ഒരുക്കിയിട്ടുണ്ട്. പരിസരപ്രദേശം ദീപാലംകൃതമാക്കി സൗന്ദര്യവത്കരിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ നിർദേശപ്രകാരം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേറ്റ്സാണ് നിർമാണ പ്രവൃത്തികൾ പൂർത്തികരിച്ചത്.
ഒരുവർഷം ശുചിമുറിയും മറ്റും പരിപാലിക്കുന്നതിന് കേറ്റ്സിന് ചുമതല നൽകി. പണി പൂർത്തിയായ ശുചിമുറി സമുച്ചയത്തിൽ ആറ് ടോയ്‌ലറ്റുകളുണ്ട്. രണ്ടെണ്ണം സ്ത്രീകൾക്കും രണ്ടെണ്ണം പുരുഷന്മാർക്കും. ഒരെണ്ണം ചക്രക്കസേര സൗഹൃദപരമാണ്. മറ്റൊരെണ്ണം ട്രാൻസ് ജെൻഡേഴ്സിനായും നീക്കിവെച്ചു.പുതുനിർമിതികൾ നടന്ന പ്രദേശത്ത് ചെടികളും ലൈറ്റുകളും വെച്ച് മനോഹരമാക്കി.
ദിനംപ്രതി ആയിരങ്ങൾ എത്തുന്ന എടപ്പാൾ ടൗണിൽ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ശുചിമുറി യാഥാർഥ്യമാക്കുന്നത്.എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.ആർ. അനീഷ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.