മണ്ണിടിഞ്ഞ് യുവാവ് പാറകൾക്കുള്ളിൽ കുടുങ്ങി; ഒന്നര മണിക്കൂറിന് ശേഷം രക്ഷിച്ചു
text_fieldsഎടപ്പാൾ: മണ്ണിടിഞ്ഞ് പാറകൾക്കുള്ളിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊൽക്കത്ത സ്വദേശിയായ സുജോണിനെയാണ് (30) രക്ഷപ്പെടുത്തിയത്. കുറ്റിപ്പുറം - തൃശൂർ സംസ്ഥാന പാതയോരത്ത് മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപത്ത് മണ്ണിടിച്ചിൽ തടയാൻ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ഭിത്തി കെട്ടുന്നതിനിടെ മുകൾ നിലയിൽ നിന്ന് മണ്ണിടിഞ്ഞ് വലിയ പാറകൾ വീഴുകയായിരുന്നു.
കാല് പാറകൾക്കുള്ളിൽ കുടുങ്ങി. ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പുറത്തെടുത്തത്. തുടർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് അഞ്ച് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. കുറ്റിപ്പുറം എസ്.ഐ ശെല്‍വരാജ്, പൊന്നാനി എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാപ്രവർത്തനത്തിന് ശേഷവും മണ്ണിടിഞ്ഞു; സമീപത്തെ സ്കൂൾ ഭീഷണിയിൽ
എടപ്പാൾ: മാണൂർ നടക്കാവിൽ മണ്ണിടിഞ്ഞ് കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ വീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തി പരത്തി. രക്ഷാപ്രവർത്തനം കഴിഞ്ഞ് 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് മണ്ണിടിഞ്ഞത്. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയിരുന്ന സ്ഥലത്തേക്കാണ് മണ്ണിടിഞ്ഞത്.
ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. 2000 കുട്ടികൾ പഠിക്കുന്ന സമീപത്തെ ഭാരതീയ വിദ്യാഭവൻ സ്കൂൾ അപകടഭീഷണിയിലാണ്. സുരക്ഷ ഉറപ്പുവരുത്തി മാത്രമേ സ്കൂൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് പഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നൽകി.
സംഭവ സ്ഥലത്തെത്തിയ തഹസിൽദാർക്കും ഉദ്യോഗസ്ഥർക്കും നേരെ നാട്ടുകാർ രോഷാകുലരായി. മുമ്പും മണ്ണിടിച്ചിൽ സംഭവിച്ചപ്പോൾ പരാതി പറഞ്ഞിട്ടും അധികൃതർ കണ്ടില്ലെന്ന ഭാവം നടിച്ചെന്ന് നാട്ടുകാർ പറഞ്ഞു. അശാസ്ത്രീയ രീതിയിലാണ് സംരക്ഷണ ഭിത്തികെട്ടൽ നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.