ഇനി പന്തുരുളും; എടപ്പാൾ സ്റ്റേഡിയത്തിൽ ടർഫ് മാതൃകയിൽ കളിക്കാൻ അവസരം
text_fieldsഎടപ്പാൾ: പരിപാലന പ്രവൃത്തികൾ ഒന്നും തന്നെ നടത്താത്ത് കാരണം കള വളർന്ന് നശിക്കുന്ന എടപ്പാൾ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ പന്തുരുളാൻ വഴിതെളിയുന്നു. സ്റ്റേഡിയം പ്രവർത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്റ്റേഡിയത്തിെൻറ മേൽനോട്ടത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. എം.എൽ.എയുടെ നേതൃത്വത്തിലുള്ള 18 അംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റിയാണുണ്ടാക്കുക.
ഇതിനുകീഴിലുള്ള ഏഴംഗ സബ് കമ്മിറ്റിയാണ് നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കുക. പ്രാഥമിക ധാരണ പ്രകാരം രാവിലെ ആറുമുതൽ എട്ടുവരെ സമീപവാസികൾക്ക് കളിക്കാൻ അവസരം നൽകും. സബ് കമ്മിറ്റിയുടെ പാസുള്ള പ്രദേശവാസികൾക്ക് മാത്രമാണ് കളിക്കാനാകുക. വൈകീട്ട് ആറുമുതൽ പത്തുവരെ നിശ്ചിത തുക നൽകി ടർഫ് മാതൃകയിൽ ക്ലബുകൾക്ക് കളിക്കാം. പകൽ സ്കൂൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. സുരക്ഷ ജീവനക്കാരൻ, ശുചീകരണ തൊഴിലാളികൾ എന്നിവരെ നിയമിക്കും. ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 6.74 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയവും ഇൻഡോർ കോർട്ടും നിർമിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പിന്നെ പന്തുരുണ്ടില്ല.
ഇതോടെ പുൽ മൈതാനം കള വന്ന് നശിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. എടപ്പാൾ ഗവ. എച്ച്.എസ്. എസിൽ ചേർന്ന യോഗത്തിൽ വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ പി.പി. മോഹൻദാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. നജീബ്, വാർഡ് മെംബർമാർ, സ്പോർടസ് കൗൺസിൽ അംഗങ്ങൾ, സ്കൂൾ അധികൃതർ, ക്ലബ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.