വട്ടംകുളം 14ാം വാർഡ് ഉപതെരഞ്ഞെടുപ്പ്; സി.പി.എം കോട്ടയിൽ പോരാട്ടം തീപാറും
text_fieldsഎടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് ഉപതെരഞ്ഞെടുപ്പ് പോരാട്ടം തീപാറും. സി.പി.എം വിമത സ്ഥാനാർഥിയായി സി.ഐ.ടി.യു ചുമട്ടുത്തൊഴിലാളിയായ ഇ.എസ്. സുകുമാരൻ നാമനിർദേശം പത്രിക സമർപ്പിച്ചതിന് പിന്നാലെ സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചന്തകുന്ന് ബ്രാഞ്ച് സെക്രട്ടറി ടി.എം. മിഹിലാണ് സ്ഥാനാർഥി. പത്തായപറമ്പിൽ മാധവനാണ് ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞതവണ വാർഡിലെ സി.പി.എം പ്രവർത്തകരുടെ പിന്തുണ ഉണ്ടായിട്ടും തഴയപ്പെട്ട സുകുമാരൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
വാർഡ് മെംബറായിരുന്ന യു.പി. പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് ചുങ്കം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വട്ടംകുളം പഞ്ചായത്തിലെ സി.പി. എമ്മിന്റെ ഉറച്ച സീറ്റായ ചുങ്കം വാർഡിൽ മുൻകാലങ്ങളിൽ വൻഭൂരിപക്ഷത്തിലായിരുന്നു സ്ഥാനാർഥികൾ വിജയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെറും 220 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനേ സാധിച്ചുള്ളൂ.
കഴിഞ്ഞ തവണ വാർഡ് കമ്മിറ്റിയിൽ സുകുമാരൻ മത്സരിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാൽ ഇതിന് വിരുദ്ധമായാണ് മേൽകമ്മിറ്റി യു.പി. പുരുഷോത്തമനെ മത്സരിപ്പിച്ചത്. 2020ൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ 14ാം വാർഡിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ചിത്രംമാറി. ചുങ്കം വാർഡ് ഉൾപ്പെടുന്ന 98ാം ബൂത്തിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തും 99ൽ യു.ഡി.എഫ് ഒന്നാംസ്ഥാനത്തും എത്തി.
വർഷങ്ങളായി എടപ്പാളിൽ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായി പ്രവർത്തിക്കുന്ന ഇ. എസ്. സുകുമാരൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. യു.ഡി.എഫ് സുകുമാരന് രഹസ്യപിന്തുണ നൽകാനും സാധ്യതയുണ്ട്. 11ാം തീയതി മൂന്നുമണിക്കാണ് നാമനിർദേശ പത്രിക സമർപ്പിക്കണ്ട അവസാന ദിവസം. 12ന് സൂക്ഷ്മ പരിശോധന നടത്തും. 15നാണ് പത്രിക പിൻവലിക്കേണ്ട അവസാന തീയതി. 30ന് തെരഞ്ഞെടുപ്പും 31ന് വേട്ടെണ്ണലും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.