വട്ടംകുളം ചുങ്കം വാർഡ് ഉപതെരഞ്ഞെടുപ്പ്; ഇഞ്ചോടിഞ്ച് പോരാട്ടം
text_fieldsഎടപ്പാൾ: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടംകുളത്ത് പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. തീപാറും പോരാട്ടമാണ് വട്ടംകുളം പഞ്ചായത്തിലെ എടപ്പാൾ ചുങ്കം വാർഡിൽ നടക്കുന്നത്. സി.പി.എമ്മിന്റെ ഉറച്ച കോട്ടയിൽ വിമത സ്ഥാനാർഥിയാണ് താരം. നേരത്തെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചിരുന്ന സി.ഐ.ടി.യു നേതാവായ ഇ.എസ്. സുകുമാരനാണ് സി.പി.എമ്മിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്നത്. യു.ഡി.എഫ് സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് സുകുമാരന് പിന്തുണ നൽകിയതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി.
ഭുരിപക്ഷം കുറഞ്ഞാലും ഇടതു സ്ഥാനാർഥി ടി.എം. മിഹിൽ വിജയിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയ വാർഡിൽ ഇത്തവണ സി.പി.എമ്മിലെ പടല പിണക്കങ്ങൾ വിജയ സാധ്യത വർധിപ്പിച്ചതായാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്.
മൂന്നക്ക മാർജിനിൽ സുകുമാരൻ വിജയിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. വാർഡിലെ മുൻ അംഗം പി.പി. അറമുഖത്തിന്റെ വീട്ടിൽ ജനാധിപത്യ മഹിള അസോസിയേഷൻ ശനിയാഴ്ച നടത്താനിരുന്ന മെഡിക്കൽ ക്യാമ്പ് റിട്ടേണിങ് ഓഫിസർ ഇടപെട്ട് മാറ്റി വെപ്പിച്ചു. പഞ്ചായത്ത് അംഗം മുഖ്യ സംഘാടകയായ പരിപാടി നടത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന് എതിരായതിനാലാണ് ഇലക്ഷൻ കമ്മീഷൻ തുടർ നടപടി സ്വീകരിച്ചത്. യു.പി. പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് ചുങ്കം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ 220 വോട്ട് ഭുരിപക്ഷത്തിലാണ് സി.പി.എം വിജയിച്ചത്. ചരിത്രത്തിലെ കുറഞ്ഞ ഭുരിപക്ഷമായിരുന്നു അവർക്കിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.