എടപ്പാൾ മേൽപാലത്തിന് താഴെ വാഹന പാർക്കിങ്ങിന് പണം ഈടാക്കും
text_fieldsഎടപ്പാൾ: മേൽപാലത്തിന് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കും. അനധികൃത പാർക്കിങ് തടയുന്നതിന്റെ ഭാഗമായാണ് പണം ഈടാക്കി പാർക്കിങ് സംവിധാനമേർപ്പെടുത്താൻ ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗം തീരുമാനിച്ചത്. സ്റ്റോപ്പുകളിൽ ഒന്നിൽ കൂടുതൽ ബസുകൾ ഒരേസമയം നിർത്തിയിടാനനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
പട്ടാമ്പി റോഡിൽ വ്യാപകമായി നടക്കുന്ന അനധികൃത മത്സ്യക്കച്ചവടം പൂർണമായി നിയന്ത്രിക്കും. പാലത്തിനടിയിലെ പാർക്കിങ് സ്ഥലത്ത് ദീർഘദൂര യാത്രക്കാർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതാകുന്നതായുള്ള വ്യാപാരികളുടെ പരാതിയെത്തുടർന്നാണ് പേ പാർക്കിങ് നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിനുള്ള അനുമതിക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് എടപ്പാൾ, വട്ടംകുളം ഗ്രാമപഞ്ചായത്തുകൾ അപേക്ഷ നൽകും. അനുവാദം ലഭിച്ചാൽ ഇത് നടപ്പാക്കും.
കോഴിക്കോട്-തൃശൂർ റോഡുകളിലെ സ്റ്റോപ്പിൽ മൂന്ന് മിനിറ്റിൽ കൂടുതൽ ഹ്രസ്വദൂര ബസുകൾ നിർത്തിയിടരുത്. ദീർഘദൂര ബസുകൾ ആളുകളെ ഇറക്കിക്കയറ്റി ഉടൻ പോകണം. പാലം കഴിയുന്നിടത്ത് രണ്ട് റോഡിലും സീബ്രാലൈൻ വരയ്ക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.