കുടിവെള്ള പദ്ധതിക്ക് റോഡ് പൊളിച്ചു; പ്രദേശവാസികൾ റോഡ് ഉപരോധിച്ചു
text_fieldsഎടവണ്ണ: കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചത് നന്നാക്കാത്തതിൽ എടവണ്ണയിൽ ജനകീയമായി റോഡ് ഉപരോധിച്ചു. വാർഡ് അംഗം ഇ. സുൽഫിക്കറലിയുടെ നേതൃത്വത്തിൽ എടവണ്ണ സി.പി.എ ജങ്ഷനിലാണ് പ്രതിഷേധം നടത്തിയത്. നിലമ്പൂർ മഞ്ചേരി റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വേണ്ടി റോഡിന്റെ ഒരു ഭാഗം വലിയ കുഴി എടുത്ത് പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. എന്നാൽ, പൈപ്പ് ലൈൻ നിർമാണം പൂർത്തിയാക്കിയിട്ടും റോഡ് പഴയ സ്ഥിതിയിലേക്ക് മാറ്റാൻ അധികൃതർ തയാറായിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഒരുകൂട്ടം പ്രദേശവാസികൾ റോഡ് ഉപരോധിച്ചത്.
കുഴി അടക്കാത്തതുമൂലം വഴിയോര യാത്രക്കാർ, ഡ്രൈവർമാർ, വ്യാപാരികൾ ഉൾപ്പെടെയുള്ളവർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും എത്രയുംവേഗം ഇടപെട്ട് റോഡ് പഴയ രീതിയിലേക്ക് ആക്കി നൽകണം എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സി.ടി. നിയാസ്, ഷെമീർ ബാബു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണ യൂനിറ്റ് ഭാരവാഹികൾ, ഓട്ടോ തൊഴിലാളി യൂനിയൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.