ഓണസമ്മാനമായി ഒതായി കർഷക കൂട്ടായ്മക്ക് സ്വന്തം വിപണനകേന്ദ്രം
text_fieldsഎടവണ്ണ: ഒതായിയിലെ കർഷക കൂട്ടായ്മക്ക് ഓണസമ്മാനമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ കേരളക്ക് (വി.എഫ്.പി.സി.കെ) സ്വന്തം വിപണന കേന്ദ്രം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 25 ലക്ഷം രൂപ മുതൽ മുടക്കിൽ കേന്ദ്രം യാഥാർഥ്യമാകുന്നത്. സ്വന്തം വിപണന കേന്ദ്രമെന്ന സ്വപ്നമ സാക്ഷാത്കരിക്കാൻ 32 ലക്ഷം രൂപയാണ് കർഷകർ സമാഹരിച്ചത്. തുടർന്ന് അരീക്കോട് ഒതായി റോഡിൽ 10 സെന്റ് സ്ഥലം വാങ്ങി കെട്ടിട നിർമാണത്തിനായി വി.എഫ്.പി.സി.കെക്ക് കൈമാറുകയായിരുന്നു.
നിർമാണം പൂർത്തിയായ കെട്ടിടം ആഗസ്റ്റ് 14ന് ഉച്ചക്ക് 12.30ന് കൃഷിമന്ത്രി പി. പ്രസാദ് നാടിന് സമർപ്പിക്കും. കർഷക കൂട്ടായ്മ പുറത്തിറക്കുന്ന സുവനീറും മന്ത്രി പ്രകാശനം ചെയ്യും. എടവണ്ണ, ഊർങ്ങാട്ടിരി, മമ്പാട് ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് കൈത്താങ്ങായി 1996ലാണ് വി.എഫ്.പി.സി.കെക്ക് കീഴിൽ ഒതായി സ്വശ്രയ കർഷക സമിതി രൂപവത്കരിച്ചത്. സമിതി പ്രവർത്തനം 27 വർഷം പൂർത്തിയാകുമ്പോൾ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇവിടെയുണ്ടായത്.
വാണിജ്യാടിസ്ഥാനത്തിൽ പഴവും പച്ചക്കറിയും കൃഷി ചെയ്യുന്ന 15 മുതൽ 20 വരെ കർഷകരുടെ സ്വാശ്രയ സംഘങ്ങളാണ് കർഷകസമിതി പ്രവർത്തനങ്ങളുടെ അടിസ്ഥാനം. 25 സ്വാശ്രയ കർഷക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാനും ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കാനും സ്വാശ്രയ കർഷക വിപണന കേന്ദ്രങ്ങൾ സഹായകമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.