മന്ത്രി റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ബഷീർ എം.എൽ.എ
text_fieldsഎടവണ്ണ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ബഷീർ എം.എൽ.എ. തെൻറ മണ്ഡലത്തിൽ ഉൾപ്പെട്ട ചാലിയാർ പഞ്ചായത്തിലെ മതിൽമൂല റോഡുമായി ബന്ധപ്പെട്ടാണ് എം.എൽ.എ ഓഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയുടെ കത്തിനെ തുടർന്ന് മതിൽമൂല റോഡിന് അഞ്ച് കോടി അനുവദിച്ചെന്ന മന്ത്രിയുടെ ഫോൺ സന്ദേശത്തിനെതിരെയാണ് എം.എൽ.എ രംഗത്തെത്തിയത്.
സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ തറരാഷ്ട്രീയത്തിന് മന്ത്രി നിന്നുകൊടുത്തത് ശരിയല്ല. കഴിഞ്ഞ ജനുവരിയിലെ ബജറ്റിൽ റോഡിന് അഞ്ച് കോടി രൂപ അനുവദിക്കുകയും തുകയുടെ 20 ശതമാനം ബജറ്റിൽ മാറ്റിവെക്കുകയും ചെയ്തതാണ്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിൽ വന്നതുകൊണ്ടാണ് തുടർ നടപടി വൈകിയത്. കഴിഞ്ഞ മേയിൽ എസ്റ്റിമേറ്റാവുകയും ജൂൺ 30ന് എക്സിക്യൂട്ടിവ് എൻജിനീയർ സൂപ്രണ്ടിങ് എൻജിനീയർക്കും ജൂലൈ ഒന്നിന് ഇദ്ദേഹം ചീഫ് എൻജിനീയർക്കും അയച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. മന്ത്രിയെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വിഷയം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. കുട്ടികളെക്കൊണ്ട് വിളിപ്പിച്ചാലും കത്തയച്ചാലും മന്ത്രി ഉടൻ റോഡുകൾ അനുവദിക്കുമോയെന്നും എം.എൽ.എ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.